‘പലതവണ കശ്മീരില്ലാത്ത ഭൂപടം നൽകി’; ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി

ദില്ലി : ബിബിസിക്കെതിരെ വീണ്ടും കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി. കശ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാർത്തകൾ മുമ്പ് പലതവണ ബിബിസി നൽകിയിട്ടുണ്ടെന്നും അനിൽ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ചോദ്യം ചെയ്തു കൊണ്ട് ബിബിസി മുൻപ് ചെയ്ത വാർത്തകൾ പങ്കുവെച്ചാണ് അനിലിന്റെ ട്വീറ്റ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും അനിലിനെതിരെ നേരത്തെ വിമർശനമുന്നയിച്ച മുതിർന്ന നേതാവ് ജയ്റാം രമേശിനെയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരാമർശിച്ചുളള ബിബിസിയുടെ “ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ” ഡോക്യുമെന്ററിക്കെതിരായ അനിൽ ആന്റണിയുടെ ട്വീറ്റ് നേരത്തെ വലിയ ചർച്ചയായിരുന്നു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററിയെ കോൺഗ്രസും രാഹുൽ ഗാന്ധിയുമടക്കം അനുകൂലിക്കുന്നതിനിടെയാണ് മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകൻ വിമർശിച്ച് രംഗത്തെത്തിയത്. ഇന്ത്യക്കാർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നല്‍കുന്നത് അപകടകരമാണെന്നായിരുന്നു അന്നത്തെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ കൂടിയായ അനില്‍ ആന്റണിയുടെ ട്വീറ്റ്. പിന്നാലെ അനിലിനെ കോൺഗ്രസ് നേതാക്കൾ തള്ളി. പരാമർശം ദേശീയ തലത്തിലടക്കം ബിജെപി ചർച്ചയാക്കിയതോടെ അനില്‍ ആന്റണി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞു.

Top