പരക്കെ മഴ,പത്തനംതിട്ടയിലും കോട്ടയത്തും പലയിടങ്ങളിലും വെള്ളം കയറി, ഗതാഗതം തടപ്പെട്ടു

തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ . പത്തനംതിട്ടയിലെ കനത്ത മഴയിൽ വായ്പൂർ, മുതുപാല, വെണ്ണിക്കുളം പ്രദേശങ്ങളിൽ വെള്ളം കയറി. മലയാര മേഖലകളിൽ കനത്ത നാശ നഷ്ടമാണ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറി. ഭക്ഷ്യ ഗോഡൌണുകളിലെ സാധനങ്ങളെല്ലാം നശിച്ചു. കൃഷി ഇടങ്ങളിലും വെള്ളം കയറിയതോടെ ഓണക്കൃഷിയും പൂർണമായും നശിച്ചു.പത്തനംതിട്ട പെരിങ്ങമലയിൽ പാടത്ത് കെട്ടിയിട്ടിരുന്ന പോത്ത് വെള്ളത്തിൽ മുങ്ങി ചത്തു

ഇന്നലെ രാത്രി 12മണിയോടെ തുടങ്ങിയ കനത്ത മഴയാണ് പ്രശ്നം ഗുരുതകമാക്കിയത്. എന്നാൽ ഇപ്പോൾ മഴയ്ക്ക് നേരിയ ശമനം വന്നിട്ടുണ്ട്. മഴ മാറി നിന്നാൽ വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ

കൈത്തോടുകൾ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും റോഡിൽ വെള്ളം നിറഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പൊലീസ് ക്വാർട്ടേഴ്സിലും വെള്ളം കയറി. 12ലേറെ കുടുംബങ്ങൾക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. നഗരത്തിന് പുറത്ത് സാധാരണ വെള്ളം കയറാത്ത മേഖലകളിൽ ഇത്തവണ വെള്ളം കയറി.

പുഴകളിൽ നിലവിൽ അപകടകരമായ രീതിയിൽ വെളളം ഉയർന്നിട്ടില്ലെങ്കിലും കക്കി അണക്കെട്ട് തുറന്നിരിക്കുന്നതിനാൽ മഴ തുടരുന്ന സാഹചര്യം ഉണ്ടായാൽ പുഴകളിസലെ ജല നിരപ്പും ഉയരും.

Top