ആ ‘വൈറസ്’ ഭീകരനാണ്; നിലവില്‍ കണ്ടെത്തിയത് ചെറിയൊരു അംശം മാത്രം; ആശങ്ക

മുന്‍പ് കണ്ടെത്തിയിട്ടില്ലാത്ത വുഹാന്‍ നോവല്‍ കൊറോണാവൈറസ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേരെ ബാധിച്ചിരിക്കാമെന്ന് വിദഗ്ധര്‍. ലണ്ടന്‍ ഇംപീരിയല്‍ കോളേജ് നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഈ ആശങ്ക പങ്കുവെച്ചത്. ഇംപീരിയല്‍ കോളേജിന്റെ എംആര്‍സി സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് അനാലിസിസ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ് പ്രകാരം 1700ലേറെ പേര്‍ക്ക് രോഗം പിടിപെട്ടിരിക്കാം.

ചൈനയില്‍ വൈറസ് പടര്‍ന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ട്. എന്നാല്‍ വുഹാനില്‍ നിന്നും തായ്‌ലാന്റിലേക്കും, ജപ്പാനിലേക്കും യാത്ര ചെയ്ത മൂന്ന് രോഗികളില്‍ കൊറോണാ വൈറസ് സ്ഥിരീകരിച്ച ഘട്ടത്തില്‍ ചൈനയിലെ മറ്റ് ഭാഗങ്ങളില്‍ ഒരു രോഗിയെ പോലും കണ്ടെത്തിയിട്ടില്ലെന്ന ചൈനീസ് സര്‍ക്കാര്‍ വാദം ചോദ്യം ചെയ്യപ്പെടുകയാണ്. പ്രത്യേകിച്ച് ചൈനീസ് പുതുവര്‍ഷ അവധിക്കാലത്ത് രാജ്യത്തിന് അകത്തും പുറത്തും ലക്ഷക്കണക്കിന് ചൈനാക്കാര്‍ യാത്ര ചെയ്യുകയാണ്.

ചൈനീസ് നഗരമായ വുഹാനില്‍ കണ്ടെത്തിയ വൈറസ് ഇതിനകം 41 പേരില്‍ മാത്രം സ്ഥിരീകരിച്ചെന്നാണ് ചൈനയുടെ വാദം. ഇതില്‍ രണ്ട് പേര്‍ മരിച്ചു. ഏഴ് പേര് ഗുരുതരാവസ്ഥയിലാണ്. എന്നാല്‍ വൈറസ് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പടരുന്നതായി ലോകാരോഗ്യ സംഘടനയും, വുഹാന്‍ ആരോഗ്യ അധികൃതരും ആശങ്കപ്പെടുന്നുണ്ട്.

നിലവിലെ അവസ്ഥയില്‍ 1723 പേര്‍ക്കെങ്കിലും വൈറസ് ബാധിച്ചിരിക്കാമെന്ന് എംആര്‍സി സെന്റര്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കി. 19 മില്ല്യണാണ് വുഹാനിലെ ജനസംഖ്യ. പനിയാണ് പ്രധാന ലക്ഷണമായി കാണുന്നത്.

Top