ആഫ്രിക്കയില്‍ ദുരിതം വിതച്ച് ഫ്രെഡി ചുഴലിക്കാറ്റ് ; മരണം 200 കടന്നു

തെക്കേ ആഫ്രിക്കൻ രാജ്യങ്ങളായ മലാവിയിലും മൊസാംബിക്കിലും കനത്ത ദുരിതം വിതച്ച് ഫ്രെഡി ചുഴലിക്കാറ്റ്. കനത്ത കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി കുട്ടികളടക്കം 200ലേറെ പേർ മരിച്ചു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് രാജ്യത്ത് ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്. ദിവസങ്ങളായി രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കനത്ത മഴയും കാറ്റും തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. പ്രദേശത്ത് കോളറ പടരാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ഏറ്റവും ജനസാന്ദ്രതയുള്ള ദരിദ്ര സമൂഹങ്ങൾ താമസിക്കുന്ന മേഖലകളിലാണ് കൂടുതൽ നാശം ഉണ്ടായിട്ടുള്ളത്. ഇഷ്ടികയും മണ്ണും കൊണ്ട് നിർമ്മിച്ച വീടുകളിൽ ചിലത് ഭാഗികമായി തകരുകയും മറ്റു ചിലത് പൂർണ്ണമായും തകരുകയും ചെയ്തിട്ടുണ്ട്. പാലങ്ങളും റോഡുകളും തകർന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.

ദ്വീപ് സമൂഹമായ മഡഗാസ്കറിൽ കനത്ത നാശം വിതച്ച് ഇന്ത്യൻ മഹാ സമുദ്രത്തിലൂടെ സഞ്ചരിച്ചാണ് ഫ്രെഡി ചുഴലിക്കാറ്റ് മലാവിയിലെത്തിയത്. രാജ്യത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ ബ്ലാൻടയറിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ച 10 തെക്കൻ ജില്ലകളിൽ സർക്കാർ ദുരന്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്ത് നദികൾ നിറഞ്ഞൊഴുകുകയും കെട്ടിടങ്ങൾ തകർന്ന് വീഴുകയും ചെയ്യുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 20,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.

Top