പ്രതിഷേധത്തിനിടെ ആരും മരിക്കുന്നില്ല; വീണ്ടും വിവാദ പരാമര്‍ശവുമായി ദിലീപ് ഘോഷ്

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീന്‍ബാഗില്‍ നടക്കുന്ന പ്രതിഷേധ സമരത്തിനിടയില്‍ ആരും മരണപ്പെടാത്തത് എന്താണെന്നാണ് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. നേരത്തെ പൊതുമുതല്‍ നശിപ്പിക്കുന്നവരെ വെടിവെച്ചുകൊല്ലണമെന്ന വിവാദപരമായ പരാമര്‍ശം നടത്തിയതിന് ഘോഷിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടയിലാണ് വീണ്ടും ഇത്തരം പരാമര്‍ശം നടത്തിയത്.

എന്നെ അത്ഭുതപ്പെടുത്തുന്നതെന്തെന്നാല്‍, നോട്ടുനിരോധന കാലത്ത് രണ്ടുമുതല്‍ മൂന്നുമണിക്കൂര്‍ വരെ വരി നില്‍ക്കുമ്പോഴേക്കും ആളുകള്‍ മരിച്ചുവീഴുന്നു. എന്നാല്‍ ഷഹീന്‍ബാഗില്‍ കനത്ത തണുപ്പും സഹിച്ചാണ് സ്ത്രീകളും കുട്ടികളും സമരം നടത്തുന്നത്. എന്നിട്ടും ആരും മരണപ്പെടുന്നില്ല. എന്ത് അമൃതാണ് അവരുടെ കൈവശമുള്ളത്. ഞാന്‍ ആശ്ച്യപ്പെടുകയാണ്. മരിക്കാതിരിക്കുന്നതിന് എന്ത് പ്രേരണയാണ് അവര്‍ക്ക് ലഭിക്കുന്നത്? കൊല്‍ക്കത്തയിലെ പത്രസമ്മേളനത്തിനിടയിലാണ് ദിലീപ് ഘോഷ് ഇക്കാര്യം ചോദിച്ചത്.

എനിക്ക് ഇക്കാര്യത്തില്‍ വളരെയധികം താാല്‍പര്യം തോന്നുന്നുണ്ട്. സ്ത്രീകളും കുട്ടികളും രാത്രിയും പകലും സമരം ചെയ്യുന്നതിനാല്‍ ആളുകള്‍ ഷഹീന്‍ബാഗിനെ ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്. ചിലര്‍ പറയുന്നു അവര്‍ക്ക് നിത്യവും 500 രൂപ കൂലി ലഭിക്കുന്നുണ്ടെന്ന്. രാജ്യത്ത് വന്‍തോതില്‍ വിദേശപണം ഒഴുകുന്നുണ്ടെന്ന എന്‍ഫോഴസ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ദിലീപ് പറഞ്ഞു.

Top