പാക്കിസ്ഥാനെ വിശ്വസിച്ച ചൈനയ്ക്ക് വന്‍ തിരിച്ചടി; 500 കോടിയുടെ ചെക്ക് മടങ്ങി

china-pak

ഇസ്ലാമാബാദ്: ചൈനയും പാക്കിസ്ഥാനും കൈകോര്‍ത്ത സാമ്പത്തിക ഇടനാഴി പദ്ധതിക്ക് വന്‍ തിരിച്ചടി. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പദ്ധതി പാതിവഴിയില്‍ നിര്‍ത്തിയതായാണു റിപ്പോര്‍ട്ട്. പാക്കിസ്ഥാന്റെ നാഷനല്‍ ഹൈവേ അതോറിറ്റിയുമായി ബന്ധപ്പെട്ട കരാറുകള്‍ക്കാണു തിരിച്ചടി നേരിട്ടിരിക്കുന്നത്.

ഏകദേശം 3.25 ലക്ഷം കോടി രൂപ ചെലവിലാണ് ചൈന പാക്കിസ്ഥാനുമായി ചേര്‍ന്നു പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ കരാറുകാര്‍ക്കായി അതോറിറ്റി നല്‍കിയ ഏകദേശം 500 കോടി രൂപയുടെ ചെക്കുകള്‍ മടങ്ങിപ്പോയതിനെ തുടര്‍ന്നാണു നിര്‍മാണ പ്രവൃത്തികളെല്ലാം നിര്‍ത്തിവച്ചതെന്ന് ‘ഡോണ്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു. സിപിഇസി പദ്ധതികളെ മാത്രമല്ല നിര്‍മാണ മേഖലയിലെ മറ്റു പ്രാദേശിക വ്യവസായങ്ങളെയും ദോഷകരമായി ബാധിക്കുന്നതാണു സാമ്പത്തിക പ്രതിസന്ധിയെന്നും ‘ഡോണ്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനയുടെ വണ്‍ ബെല്‍റ്റ്, വണ്‍ റോഡ്(ഒബോര്‍) പദ്ധതിയുടെ ഭാഗമായാണ് പാക്കിസ്ഥാനില്‍ സിപിഇസി നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. നിര്‍മാണം ആരംഭിച്ച് ഇതാദ്യമായാണ് സിപിഇസിയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നത്.

ഇതോടെ ചൈനയിലെ ഏറ്റവും വലിയ പ്രവിശ്യയായ ഷിന്‍ജിയാങ്ങുമായി പാക്കിസ്ഥാന്റെ ഗ്വാദര്‍ തുറമുഖം ബന്ധിപ്പിക്കാമെന്ന ഇരുരാജ്യങ്ങളുടെയും മോഹത്തിന് പൂട്ട് വീണിരിക്കുകയാണ്.

Top