മണ്‍വിള തീപിടുത്തം; സമഗ്ര അന്വേഷണം നടത്തുമെന്ന് ഇപി ജയരാജന്‍. . .

EP Jayarajan

തിരുവനന്തപുരം: മണ്‍വിള അപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ. വ്യവസായ സ്ഥാപനങ്ങളിൽ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തമുണ്ടായ സാഹചര്യത്തിലാണ് അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായതെന്ന് സംശയിക്കുന്നതായി അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസും അഗ്‌നിശമന സേനയും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.

അതേസമയം, സമീപ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തീപിടുത്തം ഉണ്ടായതിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ സ്‌കൂളുകള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ജില്ലയിലെ മുഴുവന്‍ ഫയര്‍ എഞ്ചിനുകളും എത്തിച്ചിട്ടും തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഗോഡൗണിന് അടുത്തുള്ള ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിനും തീ പിടിച്ചിട്ടുണ്ട്.

സമീപവാസികളെ തീപിടുത്തം ഉണ്ടായതിന് പിന്നാലെ തന്നെ ഒഴിപ്പിച്ചിരുന്നു. തീപിടുത്തത്തെ തുടര്‍ന്ന് വിഷപുക വരാന്‍ തുടങ്ങിയത് രക്ഷാപ്രവര്‍ത്തകരേയും പ്രതികൂലമായി ബാധിച്ചു. വിഷപുക ശ്വസിച്ച് രണ്ട് പേര്‍ ആശുപത്രിയിലാണ്. അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ കൂട്ടത്തോടെ അപകടത്തില്‍പ്പെട്ടവര്‍ എത്താന്‍ സാധ്യതയുണ്ടെന്ന നിര്‍ദേശവും ഇന്നലെ നല്‍കിയിരുന്നു.

Top