മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സിലെ തീപിടിത്തം : പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി

DGP Loknath Behera

തിരുവനന്തപുരം: മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തം സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അഗ്‌നിശമനസേന വിഭാഗം അറിയിച്ചിരുന്നു.

മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്‌സിലെ തീ പൂര്‍ണമായും അണച്ചു. 12 മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഗോഡൗണും നിര്‍മാണ യൂണിറ്റും പൂര്‍ണമായും കത്തിനശിച്ചു. ഫാക്ടറിയിലെ ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. 500 കോടിയുടെ നാശനഷ്ടം കണക്കാക്കുന്നുവെന്ന് ഫാമിലി പ്ലാസ്റ്റിക്‌സ് അധികൃതര്‍ അറിയിച്ചു.

അതേസമയം മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് അഗ്‌നിശമന സേനാ വിഭാഗം അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായതെന്ന് സംശയിക്കുന്നതായി അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസും അഗ്‌നിശമന സേനയും സംയുക്തമായാണ് അന്വേഷണം നടത്തുക.

സംഭവത്തെ തുടര്‍ന്ന് സമീപ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തീപിടുത്തം ഉണ്ടായതിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ സ്‌കൂളുകള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ജില്ലയിലെ മുഴുവന്‍ ഫയര്‍ എഞ്ചിനുകളും എത്തിച്ചിട്ടും തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഗോഡൗണിന് അടുത്തുള്ള ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിനും തീ പിടിച്ചിട്ടുണ്ട്.

സമീപവാസികളെ തീപിടുത്തം ഉണ്ടായതിന് പിന്നാലെ തന്നെ ഒഴിപ്പിച്ചിരുന്നു. തീപിടുത്തത്തെ തുടര്‍ന്ന് വിഷപുക വരാന്‍ തുടങ്ങിയത് രക്ഷാപ്രവര്‍ത്തകരേയും പ്രതികൂലമായി ബാധിച്ചു. വിഷപുക ശ്വസിച്ച് രണ്ട് പേര്‍ ആശുപത്രിയിലാണ്.

Top