പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിലും മനുഷ്യ ചങ്ങല വൻ വിജയം, ഇടതുപക്ഷത്തിന് വോട്ടായി മാറുമോ എന്ന ആശങ്കയിൽ പ്രതിപക്ഷം

ലോകസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരളത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പൂര്‍ണ്ണ സജ്ജമായിരിക്കുന്നത് മൂന്ന് പാര്‍ട്ടികള്‍ മാത്രമാണ്. സി.പി.എം, ബി.ജെ.പി, മുസ്ലിലീഗ് പാര്‍ട്ടികളാണിത്. ഇതിനകം തന്നെ ജനങ്ങളെ പങ്കെടുപ്പിച്ച് വിവിധ പരിപാടികള്‍ നടത്തി ഇവര്‍ കളം നിറയുമ്പോള്‍… യഥാര്‍ത്ഥത്തില്‍ നോക്കു കുത്തിയുടെ റോള്‍ മാത്രമാണ്  നിലവില്‍ കോണ്‍ഗ്രസ്സിനുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റിനെതിരായ പ്രതിഷേധം മാത്രമാണ്  കോണ്‍ഗ്രസ്സിന് എടുത്തു പറയാനുള്ളത്. ഇതിലാകട്ടെ  ജനപങ്കാളിത്വവും വളരെ കുറവായിരുന്നു.

എന്നാല്‍ മറ്റു പാര്‍ട്ടികളുടെ അവസ്ഥ അതല്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി രണ്ടു തവണയാണ് പ്രധാനമന്ത്രിയെ ഇറക്കി റോഡ് ഷോ നടത്തിയിരിക്കുന്നത്. ഇതിനകം തന്നെ അമിത് ഷാ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. തൃശൂര്‍  തിരുവനന്തപുരം മണ്ഡലങ്ങളാണ് പ്രധാനമായും ബി.ജെ.പി ലക്ഷ്യമിടുന്നത്. മുസ്ലിംലീഗ് ആകട്ടെ മത്സരിക്കുന്നത് രണ്ട് സീറ്റുകളില്‍ ആണെങ്കിലും അവരുടെ സംഘടനാ സംവിധാനം ശരിക്കും ചലിപ്പിച്ചിട്ടുണ്ട്. സമസ്തയുമായുള്ള ഭിന്നത തിരിച്ചടിയാവുമെന്ന ഭയമാണ് ലീഗിനെ കൂടുതല്‍ സജീവമാകാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. യൂത്ത് ലീഗിനെ മുന്‍ നിര്‍ത്തിയാണ് പ്രധാനമായും ലീഗ് മുന്നോട്ടു പോകുന്നത്. കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗ് ജനുവരി 21നു നടത്തിയ റാലിയും  അതിനു മുന്‍പ് മുസ്ലീംലീഗ് നേതൃത്വത്തില്‍ ഇതേ സ്ഥലത്തു തന്നെ  പലസ്തീന്‍ വിഷയത്തില്‍ നടത്തിയ പ്രതിഷേധവുമെല്ലാം  ലോകസഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി സംഘടിപ്പിക്കപ്പെട്ടിട്ടുള്ളതാണ്.

ഇടതുപക്ഷത്ത് സി.പി.എമ്മും അതിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകളും  ലക്ഷങ്ങളെ തെരുവിലിറക്കിയാണ്  തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുത്തിരിക്കുന്നത്. പലസ്തീന്‍ വിഷയത്തില്‍  സംസ്ഥാന വ്യാപകമായി സി.പി.എം നടത്തിയ പ്രതിഷേധ റാലികള്‍  വന്‍ വിജയമായാണ് മാറിയിരിക്കുന്നത്. എ.പി വിഭാഗം സുന്നികള്‍ക്കു പുറമെ മുസ്ലീംലീഗിന്റെ വോട്ട് ബാങ്കായ സമസ്തയിലെ പ്രബല വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞതും  സി.പി.എമ്മിന്റെ നേട്ടമാണ്. സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന ഗവര്‍ണ്ണര്‍ക്കെതിരെ യു.ഡി.എഫ് കണ്ണടച്ചപ്പോള്‍ ഏറ്റവും ശക്തമായ പ്രക്ഷോഭം നടത്തി രംഗത്തു വന്നിരുന്നത് എസ്.എഫ്.ഐയാണ്. ദേശീയ തലത്തില്‍ തന്നെ  സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണിത്. ഏറ്റവും ഒടുവില്‍ . . . ജനുവരി 20ന് , കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യചങ്ങല തീര്‍ത്ത് എതിരാളികളെ ഞെട്ടിച്ചതും സി.പി.എമ്മിന്റെ മറ്റൊരു വര്‍ഗ്ഗ ബഹുജന സംഘടനയായ ഡി.വൈ.എഫ്.ഐ ആണ്. 20 ലക്ഷത്തില്‍ അധികം പേരാണ്  കേരളത്തെ കൈകോര്‍ത്ത് അളന്ന ഈ പ്രതിഷേധത്തില്‍ അണിചേര്‍ന്നിരുന്നത്.

കോണ്‍ഗ്രസ്സിനെയും ലീഗിനെയും മാത്രമല്ല  ബി.ജെ.പി ദേശീയ നേതൃത്വത്തെ പോലും  അമ്പരിപ്പിച്ച പ്രതിഷേധമായിരുന്നു ഇത്. രാജ്യത്ത് തന്നെ  മോദി സര്‍ക്കാറിനെതിരെ ഏറ്റവും കൂടുതല്‍ ജനങ്ങളെ തെരുവിലിറക്കിയ സംഘടനയും ഡി.വൈ.എഫ്.ഐയാണ്. പശ്ചിമ ബംഗാളിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ഇന്‍സാഫ് റാലിയില്‍ 10 ലക്ഷം പേരാണ് പങ്കെടുത്തതെങ്കില്‍  അതിനു തൊട്ടു പിന്നാലെ കേരളത്തില്‍ നടന്ന മനുഷ്യ ചങ്ങലയില്‍  അതിന്റെ ഇരട്ടിയിലേറെ ജനങ്ങളാണ് പങ്കെടുത്തിരിക്കുന്നത്. പുതുവര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ തന്നെ 30 ലക്ഷം പേരെ തെരുവില്‍ ഇറക്കാന്‍ സാധിച്ചത്  ഇപ്പോഴത്തെ അവസ്ഥയില്‍  രാജ്യത്തെ സംബന്ധിച്ച് അപൂര്‍വ്വ സംഭവം തന്നെയാണ്. പശ്ചിമ ബംഗാളില്‍  മമത ഭരണകൂടത്തിനെതിരായ പ്രതിഷേധം അലയടിച്ചെങ്കിലും കേന്ദ്ര സര്‍ക്കാറിനെയും… രൂക്ഷമായ ഭാഷയിലാണ് ഡി.വൈ.എഫ്.ഐ കടന്നാക്രമിച്ചിരുന്നത്. കേരളത്തിലെ മനുഷ്യ ചങ്ങലയുടെ പ്രധാന മുദ്രാവാക്യവും മോദി സര്‍ക്കാറിനെതിരെയാണ് ഉയര്‍ന്നിരുന്നത്.

ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രക്ഷോഭം കണ്ട്  കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ കണ്ണ് തള്ളിയിരിക്കുകയാണ്. ലീഗിനും വലിയ ആശങ്കയാണുള്ളത്. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായി രൂക്ഷമായ ആരോപണം ഉന്നയിച്ചിട്ടും…കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പെടെ പിടിമുറുക്കിയിട്ടു പോലും  ഡി.വൈ.എഫ്.ഐയ്ക്ക് മാത്രമായി 20 ലക്ഷം പേരെ തെരുവില്‍ ഇറക്കാന്‍ സാധിച്ചതാണ്  പ്രതിപക്ഷത്തെ ഞെട്ടിച്ചിരിക്കുന്നത്. ലീഗ് നേതൃത്വം  അവരുടെ പൊന്നാപുരം കോട്ടയായി അവകാശപ്പെടുന്ന മലപ്പുറത്തു പോലും  മനുഷ്യചങ്ങല വന്‍ വിജയമായാണ് മാറിയിരിക്കുന്നത്. സുരേഷ് ഗോപിയെ വിജയിപ്പിക്കാന്‍  പ്രധാനമന്ത്രി നിരന്തരം പറന്നിറങ്ങിയ തൃശൂരിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ പലയിടത്തും മനുഷ്യചങ്ങല…. മനുഷ്യക്കോട്ടയായാണ് മാറിയിരിക്കുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍  രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലുകള്‍ പോലും തെറ്റിച്ച ചങ്ങലയാണിത്.

മനുഷ്യ ചങ്ങലയും  ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രഖാപിച്ച സമരവും  ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിൽ  ഇടതുപക്ഷത്തിന് വലിയ നേട്ടമാകുമെന്നാണ്  സി.പി.എം നേതൃത്വം കരുതുന്നത്. 15 സീറ്റുകളിലെങ്കിലും വിജയം ഉറപ്പാണെന്നാണ് വിലയിരുത്തൽ. ഈ കണക്ക് കൂട്ടലിൽ തന്നെയാണ്  അവരിപ്പോൾ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിരിക്കുന്നത്.

EXPRESS KERALA VIEW

Top