മനു കുമാര്‍ ജെയിന്‍ ഷവോമിയില്‍ നിന്നും വിടവാങ്ങി

ബെംഗലൂരു: ചൈനീസ് സ്മാർട്ട്‌ഫോൺ ഭീമന്മാരായ ഷവോമിക്ക് ഇന്ത്യയില്‍ മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത മനു കുമാർ ജെയിൻ ഒരു ദശാബ്ദത്തിന് അടുത്ത സേവനത്തിന് ശേഷം ഷവോമിയോട് വിടപറയുന്നു. നിലവില്‍ കമ്പനിയുടെ ആഗോള വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. 2021 വരെ ഇന്ത്യയിലെ മേധാവിയായിരുന്നു മനു കുമാർ ജെയിൻ.

ഒമ്പത് വർഷത്തെ ജോലിക്ക് ശേഷം താൻ ഷവോമി വിടുകയാണെന്ന് മനു തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്. 2014ൽ ഷവോമിയിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ ജീവനക്കാരനായി ചേര്‍ന്ന വ്യക്തിയാണ് മനു.

ലോകമെമ്പാടും ഷവോമിക്ക് ശക്തമായ നേതൃത്വം ഉള്ളതിനാൽ ഇപ്പോഴാണ് കമ്പനിയില്‍ നിന്നും വിടവാങ്ങാനുള്ള ശരിയായ സമയമെന്ന് മനു കുമാർ ജെയിൻ ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു. ജീവിതത്തില്‍ മാറ്റമില്ലാത്തത് മാറ്റം മാത്രമാണെന്ന വലിയ കുറിപ്പാണ് ജെയിന്‍ ട്വിറ്ററില്‍ ഇട്ടിരിക്കുന്നത്. തന്റെ ട്വിറ്ററിലെ ബോയോയില്‍ ഇന്റര്‍നെറ്റ് സംരംഭകന്‍ എന്നാണ് മനു ഇപ്പോള്‍ ചേര്‍ത്തിരിക്കുന്നത്.

ഷവോമിയെ ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയാക്കിയതും, നരേന്ദ്ര മോദിയെ കണ്ടതും, ഇന്ത്യയില്‍ 5000തൊഴിലുകള്‍ സൃഷ്ടിച്ചതും എല്ലാം തന്റെ നേട്ടങ്ങളായി മനു കുമാര്‍ ജെയിന്‍ പോസ്റ്റില്‍ പറയുന്നുണ്ട്.

എല്ലാ യാത്രയുടെയും അന്ത്യം, മറ്റൊന്നിന്റെ തുടക്കമാണ്. അത്തരത്തില്‍ പുതിയ സാഹസികതയ്ക്ക് സ്വാഗതം എന്നാണ് മനു പറയുന്നത്. പുതിയ സ്റ്റാര്‍ട്ട്അപ് തുടങ്ങാനാണ് മനുവിന്റെ പദ്ധതിയെന്നാണ് ടെക് ലോകത്തെ സംസാരം. മുന്‍ ജബോംഗ് എന്ന സ്റ്റാര്‍ട്ട് അപിന്റെ സ്ഥാപകനായിരുന്നു മനു.

Top