ബന്ധുവുമായി പ്രണയത്തിലാണെന്ന് സംശയിച്ച് യുവാവ് ഉറ്റസുഹൃത്തിനെ കുത്തി കൊന്നു

ബെംഗളൂരു : ബന്ധുവായ യുവതിയുമായി പ്രണയത്തിലാണെന്ന് സംശയിച്ച് യുവാവ് ഉറ്റസുഹൃത്തിനെ കുത്തി കൊലപ്പെടുത്തി. കാര്‍ ഡ്രൈവറായ പ്രദീപ് (26) ആണ് കൊല്ലപ്പെട്ടത്. പ്രദീപിനെ കൊലപ്പെടുത്തിയ സുഹൃത്ത് വിനോദ് കുമാര്‍ ഒളിവിലാണ്.

യുവതിയുമായുള്ള പ്രണയബന്ധത്തെച്ചൊല്ലി ഇരുവരും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. സംഭവം നടന്ന ദിവസം രാത്രി പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഇരുവരുടെയും മറ്റൊരു സുഹൃത്തായ നാഗരാജ് എന്നയാളെ പ്രദീപ് ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, വിനോദിനെ കാര്യങ്ങള്‍ പറഞ്ഞ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട നാഗരാജ് പ്രദീപിനെയും കൂട്ടി വീനോദിന്റെ വീട്ടിലെത്തി.

ഇവിടെവച്ച് വിനോദും പ്രദീപും തമ്മില്‍ തര്‍ക്കത്തിലാകുകയും പ്രദീപിനെ കറി കത്തി ഉപയോഗിച്ച് വിനോദ് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ഇയാളെ ഉടന്‍ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കാമാക്ഷിപല്യ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top