രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ

ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യസഭയില്‍ ശീതകാല സമ്മേളനത്തില്‍ ചോദ്യോത്തരവേളയില്‍ പ്രതികരിക്കുകയായിരുന്നു മാണ്ഡവ്യ. ഇതുവരെ രാജ്യത്ത് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സംശയമുള്ള കേസുകള്‍ അടിയന്തരമായി പരിശോധിച്ചുവരികയാണ്. കോവിഡ് പ്രതിസന്ധിക്കിടെ നമ്മള്‍ ഒരുപാട് പഠിച്ചിട്ടുണ്ട്. ഇപ്പോള്‍, നമുക്ക് നിരവധി ലബോറട്ടറികളും വിഭവങ്ങളുമെല്ലാമുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ നമുക്കാകും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതായുള്ള പ്രചാരണങ്ങള്‍ തള്ളി കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രിലായത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും രംഗത്തെത്തിയിരുന്നു. എന്നാല്‍, അടുത്തിടെ വിദേശത്തുനിന്ന് രാജ്യത്തെത്തിയവരുടെ ജനിതക വിശകലനം നടത്തിവരികയാണെന്നും ഇതില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു.

അതേസമയം, ‘ഹര്‍ ഘര്‍ ദാസ്തക്’ എന്ന പേരിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൃഹസന്ദര്‍ശന വാക്‌സിനേഷന്‍ കാംപയിന്‍ ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. യോഗ്യരായ എല്ലാ പൗരന്മാര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കാനാണ് പ്രഥമ പരിഗണന. തുടര്‍ന്നായിരിക്കും രണ്ടാം ഡോസ് പൂര്‍ത്തിയാക്കുക. കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന നിയന്ത്രണങ്ങളും ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്.

Top