ലക്ഷ്യമിട്ടത് മൻസൂറിന്റെ സഹോദരനെയെന്ന് മൊഴി: ഇന്ന് സമാധാന യോഗം

കണ്ണൂർ: പാനൂരിൽ ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമി സംഘം ലക്ഷ്യമിട്ടത് മൻസൂറിന്റെ സഹോദരൻ മുഹ്‌സിനെയെന്ന് കസ്റ്റഡിയിലുളള പ്രതിയുടെ മൊഴി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നും കസ്റ്റഡിയിലുളള ഷിനോസ് പറഞ്ഞു.

കൊലയാളി സംഘത്തിലുളള പത്തോളം പേരെ തിരിച്ചറിഞ്ഞതായി സൂചന. കൊലപാതകത്തിന് പിന്നാലെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലാ കലക്ടർ വിളിച്ച സമാധാന യോഗം ഇന്ന് ചേരും.

മൻസൂറിന്റെ  സംസ്‌കാര ചടങ്ങുകൾക്ക് പിന്നാലെ പാനൂർ മേഖലയിൽ വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറി. സി.പി.ഐ.എം പെരിങ്ങത്തൂർ ലോക്കൽ കമ്മറ്റി ഓഫിസ് അടിച്ചു തകർത്തു.പെരിങ്ങത്തൂർ ടൗൺ, ആച്ചിമുക്ക് ബ്രാഞ്ച് ഓഫിസുകൾക്ക് തീയിട്ടു. പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫിസ്, കൊച്ചിയങ്ങാടി ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, കടവത്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് എന്നിവയും ആക്രമിച്ചു. കടകൾക്കും വീടുകൾക്കും നേരെയും ആക്രമണമുണ്ടായി.

കണ്ണൂരിൽ ജില്ലാ കലക്ടർ ഇന്ന് സമാധാനയോഗം വിളിച്ചു ചേർത്തിട്ടുണ്ട്. രാവിലെ 11 മണിക്കാണ് യോഗം.

Top