മന്‍സൂര്‍ വധം; അറസ്റ്റിലായ നാലാം പ്രതി മരിച്ച രതീഷിനൊപ്പം ഉണ്ടായിരുന്നതായി പൊലീസ്

കോഴിക്കോട്: മന്‍സൂര്‍ വധക്കേസില്‍ അറസ്റ്റിലായ നാലാം പ്രതി ശ്രീരാഗും മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടാം പ്രതി രതീഷും ഒന്നിച്ച് ഒളിവില്‍ കഴിഞ്ഞതായി പൊലീസിന്റെ കണ്ടെത്തല്‍. ചെക്യാട് ഭാഗത്ത് വീടുകളിലും പറമ്പിലുമായാണ് ഇരുവരും ഒളിച്ച് താമസിച്ചത്. ഇവരോടൊപ്പം മറ്റു രണ്ട് പ്രതികളും ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത ഒരാളുമുണ്ടായിരുന്നുവെന്നാണ് വിവരം.

ചെക്യാട്ട് അരൂണ്ട കൂളിപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലെ കശുമാവില്‍ തൂങ്ങിയ നിലയില്‍ രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതായി കണ്ടെത്തിയിരുന്നു. രതീഷിന്റേത് തൂങ്ങിമരണമല്ല കൊലപാതകമാണ് എന്ന നിഗമനത്തിലാണ് പൊലീസ്.

പ്രതികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രതീഷ് കൊല്ലപ്പെട്ടതെന്ന് കെ.സുധാകരന്‍ എംപി ഇന്ന് ആരോപിച്ചിരുന്നു. ഒരു സിപിഎം നേതാവിനെ ഭയപ്പെടുത്തി സംസാരിക്കാന്‍ രതീഷ് ശ്രമിച്ചതാണ് അയാളുടെ ജീവനെടുത്തതെന്നും അപ്രതീക്ഷിതമുണ്ടായ വാക്കേറ്റത്തിനും സംഘര്‍ഷത്തിനും ഒടുവില്‍ കൊല്ലപ്പെട്ട രതീഷിനെ ഒപ്പമുണ്ടായിരുന്നവര്‍ കെട്ടിത്തൂക്കിയതാണെന്നും കെ.സുധാകരന്‍ ആരോപിച്ചിരുന്നു.

അതിനിടെ പാനൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊലക്കേസില്‍ സിപിഎം പ്രതിരോധത്തിലായതോടെ രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി നേതൃത്വം. പാര്‍ട്ടിയുടെ പ്രാദേശിക നേതാളും പ്രവര്‍ത്തകരും പ്രതിപ്പട്ടികയിലുള്ള സാഹചര്യത്തില്‍ യുഡിഎഫ് പ്രചാരണം ചെറുക്കുകയാണ് ലക്ഷ്യം.

ഇന്ന് ഉച്ചകഴിഞ്ഞ് മുന്ന് മണിയോടെ കടവത്തൂര്‍ മുതല്‍ പെരിങ്ങത്തൂര്‍ വരെ കാല്‍നടയായി സമാധാന സന്ദേശ യാത്ര നടത്തും. മന്ത്രി ഇപി ജയരാജന്‍ എംവി ജയരാജന്‍ പി ജയരാജന്‍ എന്നിവര്‍ മൂന്ന് കേന്ദ്രങ്ങളില്‍ സംസാരിക്കും. അതേസമയം ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കളക്ടറേറ്റ് ധര്‍ണ്ണ നടത്തി.

 

Top