മന്‍സൂര്‍ വധക്കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: കൂത്തുപറമ്പ് പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്തത് കൊച്ചിയങ്ങാടി സ്വദേശി ഒതയത്ത് അനീഷ് ആണെന്ന് ക്രൈംബ്രാഞ്ച്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവിലെ പ്രതി പട്ടികയില്‍ ഇയാളുടെ പേരില്ല.

മന്‍സൂറിന്റെ കൊലപാതകത്തില്‍ മുഖ്യ പങ്കുവഹിച്ചെന്ന് പൊലീസ് വിശ്വസിക്കുന്ന ആളാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ള അനീഷ്. അനീഷാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകുന്നേരമാണ് തലശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്- കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്.

രാത്രിയോടെ തന്നെ ഇയാളെ ചൊക്ലി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. നേരത്തെ ഒരാള്‍ കസ്റ്റഡിയിലായി എന്ന് മാത്രമേ പൊലീസ് അറിയിച്ചിരുന്നുള്ളൂ. കസ്റ്റഡിയിലുള്ള ആളുടെ പേര് പുറത്ത് വിട്ടിരുന്നില്ല. രാവിലെ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഇയാളെ ചോദ്യം ചെയ്യുമെന്നും അതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി പേര് പുറത്തുവിടുമെന്നായിരുന്നു നേരത്തെ പൊലീസ് അറിയിച്ചത്.

കൊലപാതകം നടക്കുമ്പോള്‍ അനീഷ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തെ തുടര്‍ന്ന് പൊലീസ് പിടിച്ചെടുത്ത മൊബൈല്‍ഫോണിലെ വാട്‌സ്ആപ്പ് ചാറ്റില്‍ നിന്നാണ് അനീഷിന് കൊലപാതകത്തിലുള്ള പങ്ക് ക്രൈംബ്രാഞ്ചിന് വ്യക്തമായത്. അനീഷ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും. ഈ കേസില്‍ ആകെ 25 പ്രതികളാണ് ഉള്ളത്. അതില്‍ 11 പേരെയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ഈ 11 പേരെ ഉള്‍പ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഒന്നാം പ്രതി ഷിനോസിനെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

രണ്ടാം പ്രതി രതീഷിനെ ഇന്നലെ ആത്മഹത്യ നിലയില്‍ കണ്ടെത്തിയിരുന്നു. ബാക്കിയുള്ള 9 പേരെയാണ് ഇനി പിടികൂടാനുള്ളത്. കേസില്‍ പ്രതിപ്പട്ടികയിലേറെയുമുള്ളത് സിപിഎം പ്രാദേശിക നേതാക്കളാണ്.

എട്ടാംപ്രതി ശശി കൊച്ചങ്ങാടി ബ്രാഞ്ച് സെക്രട്ടറിയും, പത്താം പ്രതി ജാബിര്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമാണ്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ സുഹൈല്‍ ആണ് അഞ്ചാം പ്രതി. ഇപ്പോള്‍ അറസ്റ്റിലായ അനീഷിന്റെ പേര് പ്രതിപട്ടികയില്ല.

 

Top