മനോരമ സർവേ യു.ഡി.എഫിന് ആത്മവിശ്വാസം നൽകാനുള്ള തന്ത്രമോ ? യുക്തിക്ക് നിരക്കാത്ത ‘കണ്ടെത്തലുകളും’ ധാരാളം

കേരളത്തിലെ പ്രധാന വലതുപക്ഷ മാധ്യമമാണ് മനോരമ ചുവപ്പിനെയും ചെങ്കൊടിയെയും എക്കാലത്തും ശത്രുപക്ഷത്ത് നിർത്തി ആക്രമിച്ച ചരിത്രമാണ് ഈ മാധ്യമ ശ്യംഖലയ്ക്കുള്ളത്. വലതുപക്ഷ രാഷ്ട്രീയം ക്ഷീണിക്കുന്ന ഘട്ടങ്ങളിൽ എല്ലാം തന്നെ അവർക്ക് ഓക്സിജൻ നൽകാൻ രംഗത്തുവരുന്ന പതിവ് ഇത്തവണയും മനോരമ തെറ്റിച്ചിട്ടില്ല. മുംബൈ ആസ്ഥാനമായുള്ള വോട്ടേഴ്‌സുമായി ചേർന്ന് മനോരമ ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പ് സർവ്വേയും അങ്ങനെയേ നോക്കി കാണാൻ കഴിയുകയൊള്ളൂ. യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത സർവ്വേയാണിത്. അങ്ങനെ മാത്രമേ ഈ ഘട്ടത്തിൽ വിലയിരുത്താൻ കഴിയുകയൊള്ളൂ.

സംസ്ഥാനത്തെ 20 ലോകസഭ സീറ്റുകളിൽ, 17 സീറ്റുകളിലും യു.ഡി.എഫിന് ആധിപത്യമുണ്ടെന്നാണ് സർവ്വേയിലെ പ്രധാന കണ്ടെത്തൽ. ബാക്കിയുള്ള മൂന്ന് സീറ്റുകളിൽ മാത്രമാണ് ഇടതുപക്ഷത്തിന് മുൻതൂക്കം നൽകിയിരിക്കുന്നത്. അതാകട്ടെ മാവേലിക്കര, വടകര, പാലക്കാട് മണ്ഡലങ്ങളിലുമാണ്.

അതായത്, രാഹുൽ തരംഗം ആഞ്ഞടിച്ച 2019-ൽ പോലും ഇടതുപക്ഷം വിജയിച്ച ആലപ്പുഴ ലോകസഭമണ്ഡലത്തിൽ പോലും ഇത്തവണ യു.ഡി.എഫ് വിജയിക്കുമെന്നാണ് സർവേ അവകാശപ്പെട്ടിരിക്കുന്നത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കണ്ട് മതേതര കേരളം നൽകിയ വോട്ടിന്റെ ബലത്തിലാണ് 20-ൽ 19 സീറ്റുകളിലും 2019-ൽ യു.ഡി.എഫ് വിജയിച്ചതെന്നത് മനോരമ ഓർക്കണം. അത്തരമൊരു പിന്തുണ എന്തായാലും ഇത്തവണ യു.ഡി.എഫിന് ലഭിക്കാൻ ഒരു സാധ്യതയുമില്ല. കാരണം മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തിസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിനു വൻ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ഇനി രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന സ്വപ്നമൊന്നും രാഷ്ട്രീയ കേരളത്തിലെ പ്രബുദ്ധരായ ജനതയ്ക്ക് ഉണ്ടാകുകയില്ല.

അഥവാ പ്രതിപക്ഷ പാർട്ടികൾക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യം ഉണ്ടായാൽ പോലും കോൺഗ്രസ്സ് ഇതര പ്രധാനമന്ത്രിക്കാണ് അപ്പോഴും സാധ്യത തെളിയുക. ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തിലെ രാഷ്ട്രീയ പോരാട്ടത്തിനും പ്രത്യേകതകൾ ഏറെയാണ്. അവിടെയാണ് ന്യൂനപക്ഷ – പിന്നോക്ക വോട്ടുകളും നിർണ്ണായകമാവാൻ പോകുന്നത്. ബി.ജെ.പിയുടെ നിയമസഭയിലെ അക്കൗണ്ട് പൂട്ടിച്ച ഇടതുപക്ഷത്തേക്കു തന്നെയാകും ഈ വോട്ടുകളിലെ നല്ലൊരു വിഭാഗവും പോകാൻ സാധ്യത. ബി.ജെ.പി വക്താവിനെ പോലെ ഗവർണ്ണർ നിറഞ്ഞാടുമ്പോൾ അത് ഏറ്റു പിടിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന കോൺഗ്രസ്സിന്റെ നടപടിയിലും മത ന്യൂനപക്ഷങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധം നിലവിലുണ്ട്.

കേരള – കാലിക്കറ്റ്, സർവ്വകലാശാലാ സെനറ്റുകളിലേക്ക് സംഘപരിവാറുകാരെ നോമിനേറ്റ് ചെയ്ത ഗവർണ്ണർക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തിയത് ഇടതുപക്ഷ സംഘടനകൾ മാത്രമാണ്. എസ്.എഫ്.ഐ പ്രവർത്തകർ ഗവർണ്ണറെ കരിങ്കൊടി കാണിച്ചപ്പോൾ എസ്.എഫ്.ഐയെ വിമർശിക്കാനാണ് പ്രതിപക്ഷ നേതാവും കെ.പി.സി.സി അദ്ധ്യക്ഷനും തയ്യാറായിരിക്കുന്നത്. ഇത്തരം നിലപാടുകൾ വലിയ തിരിച്ചടിയാണ് കോൺഗ്രസ്സിന് ഉണ്ടാക്കാൻ പോകുന്നത്. മാത്രമല്ല , നവകേരള സദസ്സിലെ വൻ ജനപങ്കാളിത്വവും രാഷ്ട്രീയമായി ഗുണം ചെയ്യുക ഇടതുപക്ഷത്തിനായിരിക്കും.

നവകേരള സദസ്സിന് ബദലായി യു.ഡി.എഫ് തുടങ്ങിയ കുറ്റവിചാരണ സദസ്സുകൾ പോലും നനഞ്ഞ പടക്കമായാണ് മാറിയിരിക്കുന്നത്. ഇതൊക്കെയാണ് ലോകസഭ വോട്ടിങ്ങിലും പ്രതിഫലിക്കാൻ പോകുന്നത്. അതല്ലാതെ, മനോരമ നിരത്തിയ കാരണങ്ങളല്ലെന്നതും നാം തിരിച്ചറിയേണ്ടതുണ്ട്. ഏറ്റവും ശക്തമായി സംഘപരിവാറിനെ നേരിടുന്ന വിഭാഗത്തിനാണ് മത ന്യൂനപക്ഷങ്ങൾ വോട്ടു ചെയ്യുന്നതെങ്കിൽ തീർച്ചയായും കേരളത്തിൽ അത് ഇടതുപക്ഷത്തിന്റെ പെട്ടിയിലാണ് വീഴുക.

ഇതൊക്കെ മനസ്സിലാക്കാൻ ഏതൊരു രാഷ്ട്രീയ വിദ്യാർത്ഥിക്കും സാമാന്യ ബുദ്ധി മാത്രം മതിയാകും. രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിച്ചാൽ രാഹുൽ ഗാന്ധിക്ക് ഗുണംകിട്ടുമെന്നല്ലാതെ ഒരിക്കലും യു.ഡി.എഫിന് അതുകൊണ്ടു നേട്ടമുണ്ടാകുകയില്ല. ശക്തമായ സംഘടനാ സംവിധാനവും പിന്നോക്ക വിഭാഗങ്ങളിലെ ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയും ഇപ്പോഴും ഇടതുപക്ഷത്തിനു തന്നെയാണുള്ളതെന്നതും ഒരു യാഥാർത്ഥ്യമാണ്.

ബി.ജെ.പിക്ക് കേരളത്തിൽ നേട്ടമുണ്ടാക്കാൻ കഴിയാതിരിക്കുന്നത് ഹൈന്ദവ സമുദായത്തിലെ ബഹുഭൂരിപക്ഷവും ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്നതു കൊണ്ടാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രം ആവർത്തിച്ചാൽ മുസ്ലീം – ക്രൈസ്തവ വോട്ടുകളും വലീയ രൂപത്തിലാണ് ഇടതുപക്ഷത്തിനു ലഭിക്കുക. അങ്ങനെ സംഭവിച്ചാൽ മനോരമ പുറത്ത് വിട്ട സർവ്വേഫലം നേരെ വിപരീതമായാണ് സംഭവിക്കുക. യു.ഡി.എഫിന് മൂന്നും ഇടതുപക്ഷത്തിന് 17 സീറ്റുകളും എന്ന നിലയിലേക്കാണ് അപ്പോൾ കാര്യങ്ങൾ പോകുക. യു.ഡി.എഫിന് ഉറപ്പായും വിജയിക്കുമെന്ന് പറയാവുന്ന മണ്ഡലങ്ങൾ വയനാടും, മലപ്പുറവും, എറണാകുളവും മാത്രമാണ്. ഇതിൽ പോലും കനത്ത പോരാട്ടവും ഉറപ്പാണ്.

മറ്റു 17 മണ്ഡലങ്ങളിലും ഒരുറപ്പും ആർക്കും പറയാൻ പറ്റില്ല. ഇവിടെയാണ് ഇടതുപക്ഷത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നത്. ഇടതുപക്ഷത്തിന് ശക്തമായ സംഘടനാ അടിത്തറയും ജനകീയ അടിത്തറയും ഉള്ള കേരളത്തിൽ 2019 – ലെ പ്രത്യേക സാഹചര്യം ആവർത്തിക്കുമെന്നത് മനോരമയ്ക്ക് മാത്രമേ സ്വപ്നം കാണാൻ സാധിക്കുകയൊള്ളൂ. യു.ഡി.എഫിന് 12 മുതൽ 19 സീറ്റുകൾ ഉറപ്പിച്ച സർവേ ഇടതുപക്ഷത്തിന് ഒന്നു മുതൽ എട്ടു സീറ്റുകളിലാണ് സാധ്യത കാണുന്നത്. അതു തന്നെ അത്ഭുതം സംഭവിച്ചാൽ മാത്രം. ഇതിൽ തന്നെ മൂന്നെണ്ണമാണ് ഉറപ്പു നൽകുന്നത്.

അതേസമയം കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം സീറ്റുകളിൽ യു.ഡി.എഫ് വിജയം ഉറപ്പിക്കുന്ന സർവ്വേ കണ്ണൂർ, ആലത്തൂർ, തൃശൂർ, പത്തനംതിട്ട, ആറ്റിങ്ങൽ മണ്ഡലത്തിലും അവർക്ക് വിജയ സാധ്യത പ്രവചിച്ചിട്ടുണ്ട്. അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒരു തരംഗവും സൃഷ്ടിക്കാതിരുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വലിയ മാർക്കാണ് സർവേയിൽ നൽകിയിരിക്കുന്നതെന്നതും വിചിത്രമായ കാര്യമാണ്.

ഉത്തരേന്ത്യക്കാർ മുഖം തിരിച്ച ഭാരത് ജോഡോ യാത്ര ഗുണം ചെയ്തെന്ന് അവകാശപ്പെട്ടത് 64.34% പേരാണ്. പ്രതിപക്ഷത്തിന്റെ പ്രവർത്തനം നല്ലതെന്ന് 33.06% പേർ പറഞ്ഞപ്പോൾ ഇടതുപക്ഷ സർക്കാറിന്റെ പ്രവർത്തനത്തെ 33.23% പേരും സർവേയിൽ പിന്തുണച്ചിട്ടുണ്ട്. പിണറായി സർക്കാർ മോശമെന്ന് അഭിപ്രായപ്പെട്ടത് 14.28% പേർ മാത്രമാണ്. മുഖ്യമന്ത്രി ആരായിരിക്കണം എന്ന ചോദ്യത്തിന് 27.5% പേരും പിന്തുണച്ചിരിക്കുന്നത് പിണറായി വിജയനെയാണ്. ശശി തരൂർ 14.45%, കെ കെ ശൈലജ 14.37%, വി ഡി സതീശൻ 8.75% എന്നിങ്ങനെയാണ് മറ്റു നേതാക്കൾക്ക് ലഭിച്ചിരിക്കുന്ന പിന്തുണ.

അതായത്, മനോരമ സർവേയിൽ പോലും ഇപ്പോഴും കൂടുതൽ വോട്ട് കിട്ടുന്നത് പിണറായി വിജയനും അദ്ദേഹത്തിന്റെ സർക്കാറിനുമാണ് എന്നത് ഇതിൽ നിന്നു തന്നെ വ്യക്തമാണ്. എന്നാൽ, ആ മുഖ്യമന്ത്രിയുടെ മുന്നണിയ്ക്ക് അവർ നൽകിയിരിക്കുന്ന വിജയസാധ്യത കേവലം മൂന്ന് സീറ്റുകളിൽ മാത്രമാണെന്നത് തികച്ചും വിരോധാഭാസമാണ്. ഇതിൽ തന്നെ അസ്വാഭാവികതയുമുണ്ട്. എംപിമാരുടെ പ്രകടനത്തിന് നൽകിയ മാർക്കുകളും സംശയകരമാണ്. വളരെ നല്ലതെന്ന് 19.42% പേരും, നല്ലതെന്ന് 37.82% പേരും അഭിപ്രായപ്പെട്ടപ്പോൾ മോശമെന്ന് പറഞ്ഞത് 16.43% മാത്രമാണെന്നാണ് സർവേ പറയുന്നത്.

കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സാക്ഷാൽ കനഗോലുവിന് പോലും ഈ അഭിപ്രായം ഉണ്ടാകുമെന്നു തോന്നുന്നില്ല. 28,000 പേർ സർവേയിൽ പങ്കെടുത്തു എന്നാണ് മനോരമ പറയുന്നത്. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലെ 200 വോട്ടർമാരുമായി നടത്തിയ അഭിമുഖമാണ് സർവേ രൂപത്തിൽ പുറത്തു വിട്ടിരിക്കുന്നതെന്നാണ് അവകാശവാദം. ഇതിനു പിന്നിലെ രാഷ്ട്രീയം എന്തു തന്നെയായാലും വലിയ പൊരുത്തക്കേടുകൾ ഉണ്ടെന്നത് വ്യക്തമാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ട യു.ഡി.എഫിന് ആത്മവിശ്വാസം നൽകാൻ ഉണ്ടാക്കിയ സർവേയായും ഈ സർവ്വേ ഇപ്പോൾ വിലയിരുത്തപ്പെടുന്നുണ്ട് . . .

EXPRESS KERALA VIEW

Top