തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിനെ പ്രതിരോധത്തിലാക്കി മനോരമ ന്യൂസ് ചീഫ് റിപ്പോർട്ടർ അനിൽ ഇമ്മാനുവലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. കോടതിയെ ചതിച്ചതിന് ആന്റണി രാജു പ്രതിയായ കേസിന്റെ സുപ്രധാന തെളിവുകളാണ് 28 വർഷത്തിനു ശേഷം മാധ്യമ പ്രവർത്തകൻ പുറത്തുവിട്ടിരിക്കുന്നത്. ഈ കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതു കൊണ്ടാണ് താൻ ഇത്തരത്തിൽ ഫേസ് ബുക്ക്പോസ്റ്റ് ഇടാൻ നിർബന്ധിക്കപ്പെട്ടതെന്നാണ് അനിൽ ഇമ്മാനുവലിന്റെ വിശദീകരണം. മനോരമ ചാനലിന്റെ സീനിയർ റിപ്പോർട്ടറായ അനിലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനോട് മനോരമ കണ്ണടച്ചപ്പോൾ, ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മറ്റെല്ലാ ചാനലുകളും ഈ വിഷയം ഏറ്റെടുക്കുകയുണ്ടായി. മനോരമയെ സംബന്ധിച്ച് ഇത് വലിയ പ്രഹരമാണ്. ആ ചാനലിന് എക്സ്ക്യൂസീവായി നൽകാൻ കഴിയുമായിരുന്ന, മന്ത്രിക്ക് രാജിവരെ വയ്ക്കേണ്ട സാഹചര്യം സൃഷ്ടിച്ചേക്കാവുന്ന ഈ വാർത്ത എങ്ങനെ ഫെയ്സ് ബുക്ക് പോസ്റ്റായി ആ ചാനലിലെ മാധ്യമ പ്രവർത്തകന് ഇടേണ്ടി വന്നു എന്നത് സംബന്ധിച്ചും ചൂടുള്ള ചർച്ചയാണ് മാധ്യമ ലോകത്തും രാഷ്ട്രീയ മേഖലയിലും ഇപ്പോൾ നടക്കുന്നത്. ഇതോടെ, സംസ്ഥാന സർക്കാറിനെ സംബന്ധിച്ചും ഇനി നിലപാട് വ്യക്തമാക്കേണ്ടി വരും. രാജ്യത്തെ എല്ലാ നിയമങ്ങളും അനുസരിക്കാൻ ബാധ്യതപ്പെട്ട മന്ത്രിക്കും ഇനി ഈ വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് നിയമസഭ നടക്കുന്ന സമയമായതിനാൽ.
അനിൽ ഇമ്മാനുവലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ :-
കോടതിയ്ക്കറിയണോ മന്ത്രിപ്പണിയുടെ തിരക്ക് വല്ലതും.
ജനാധിപത്യ കേരള കോൺഗ്രസ് നേതാവും സംസ്ഥാന മന്ത്രിസഭയിൽ അംഗവുമായ ആന്റണി രാജു പ്രതിയായ ഗുരുതരസ്വഭാവമുള്ള ക്രിമിനൽ കേസ് അട്ടിമറിക്കാൻ ആസൂത്രിതനീക്കം. ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയതിന് 1994ൽ എടുത്ത കേസിൽ, ഇതുവരെ കോടതിയിൽ ഹാജരാകാൻ ആന്റണി രാജു തയ്യാറായിട്ടില്ല. 2014 മുതൽ ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാൻപോലുമാകാത്ത പ്രതിസന്ധിയിലാണ്. റജിസ്റ്റർ ചെയ്തിട്ട് 28 വർഷം, കുറ്റപത്രം സമർപ്പിച്ചിട്ട് 16 വർഷം, വിചാരണക്കായി കോടതി സമൻസ് അയച്ച് പ്രതികളെ വിളിക്കാൻ തുടങ്ങിയിട്ട് 08 വർഷം. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസ്, നിലവിൽ നെടുമങ്ങാട് കോടതിയിലാണ് വിചാരണ തുടങ്ങാനായി മന്ത്രിയുടെ സൗകര്യം നോക്കിയിരിക്കുന്നത്.
അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി 1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുമ്പോൾ ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂർ ബാറിലെ ജൂനിയർ അഭിഭാഷകനായിരുന്നു. തന്റെ സീനിയർ സെലിൻ വിൽഫ്രഡുമായി ചേർന്ന് ആൻഡ്രൂവിന്റെ വക്കാലത്തെടുത്ത് രാജു നടത്തിയ കേസ് പക്ഷെ തോറ്റുപോയി. 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ.വി. ശങ്കരനാരായണൻ ഉത്തരവായി. എന്നാൽ തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്ത് പ്രഗൽഭനായിരുന്ന കുഞ്ഞിരാമ മേനോൻ വക്കീലിനെ ഇറക്കി. അത് ഫലംകണ്ടു; പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി വിധിയായി. തൊട്ടുപിന്നാലെ ആൻഡ്രൂ രാജ്യം വിട്ടു. കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. മെറ്റിരീയൽ ഒബ്ജക്ട്, അഥവാ MO 2 ജട്ടി എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തു പ്രതിക്ക് ഇടാൻ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി ഹൈക്കോടതി. (വിധിപകർപ്പ് ഒപ്പം ചേർക്കുന്നു)
ഇതോടെ കേസിൽ കൃത്രിമം നടന്നുവെന്ന പരാതിയുമായി അന്വേഷണ ഉദ്യോസ്ഥൻ സിഐ കെകെ ജയമോഹൻ ഹൈക്കോടതി വിജിലൻസിന് മുന്നിലെത്തുന്നു. മൂന്നുവർഷത്തെ പരിശോധനക്ക് ഒടുവിൽ വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിക്കുന്നു. 1994ൽ ഇങ്ങനെ തുടങ്ങിയ കേസ് 2002ൽ എത്തിയപ്പോൾ തെളിവില്ലെന്ന് കോടതിക്ക് റിപ്പോർട്ട് നൽകി അവസാനിപ്പിക്കാൻ പൊലീസ് തന്നെ ശ്രമം നടത്തി. 1996ൽ ആദ്യവട്ടം എംഎൽഎ ആയ ആന്റണി രാജു അഞ്ചു വർഷം തികച്ചതിന് പിന്നാലെയായിരുന്നു ഈ നീക്കം; എ.കെ. ആന്റണി സർക്കാർ അധികാരം ഏറ്റയുടൻ. കേസുണ്ടായതും അന്വേഷണം നടന്നതുമെല്ലാം ആന്റണി രാജുവിന്റെ സ്വന്തം തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിന്റെ പരിധിയിലായിരുന്നു എന്നതുകൂടി ഇവിടെ ചേർത്തു പറയണം.
എന്നാൽ 2005 ഒടുവിലായപ്പോൾ കാര്യങ്ങൾ വീണ്ടും കീഴ്മേൽ മറിഞ്ഞു. കേസ് പുനരന്വേഷിക്കാൻ ഉത്തരമേഖലാ ഐ.ജി. ടി.പി. സെൻകുമാർ നൽകിയ ഉത്തരവ് പ്രകാരം അസിസ്റ്റന്റ് കമ്മിഷണർ വക്കം പ്രഭ നടപടി തുടങ്ങി. (പകർപ്പ് ഒപ്പം ചേർക്കുന്നു) ഇതോടെയാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ്. ജോസ്, ആന്റണി രാജു എന്നിവർ ആദ്യമായി ചിത്രത്തിലേക്ക് വരുന്നത്. ഇവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി 2006 ഫെബ്രുവരി13ന് കോടതിക്ക് റിപ്പോർട്ട് നൽകി. (പകർപ്പ് ചുവടെ) കുറ്റങ്ങൾ, കോടതിയെ ചതിച്ചു, ഗൂഡാലോചന നടത്തി എന്നതടക്കം അതീവ ഗുരുതരമായ ആറെണ്ണം.
തുടർന്ന് അക്കൊല്ലം തന്നെ മാർച്ച് 23ന് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നു. എട്ടുവർഷം അവിടെ അനക്കമില്ലാതിരുന്ന കേസ് 2014ൽ പ്രത്യേക ഉത്തരവിറക്കി നെടുമങ്ങാട് കോടതിയിലേക്ക് മാറ്റുന്നു. അവിടം മുതലിങ്ങോട്ട് 22 തവണയാണ് നെടുമങ്ങാട് ജെഎഫ്എംസി 1ൽ കേസ് വിളിച്ചത്. ഒറ്റത്തവണ പോലും ആൻ്റണി രാജുവോ കൂട്ടുപ്രതിയോ ഹാജരായിട്ടില്ല. അതുകൊണ്ട് തന്നെ വിചാരണയില്ലാതെ അനന്തമായി നീളുകയാണ്.
ഈ വരുന്ന മാസം, ആഗസ്റ്റ് നാലിന് ഇരുപത്തിമൂന്നാം തവണ കേസ് പരിഗണിക്കുകയാണ്. അന്നെങ്കിലും മന്ത്രി ഹാജരാകുമോ? അല്ലെങ്കിൽ പറഞ്ഞുവിടാൻ മുഖ്യമന്ത്രി തയ്യാറാകുമോ; അതാണിനി അറിയാനുള്ളത്. ഈ വസ്തുതയൊന്നും അദ്ദേഹത്തിന് അറിയാത്തതല്ലല്ലോ. 28 വർഷമായിട്ടും വിചാരണ തുടങ്ങാനാകാത്ത കേസ് ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥക്കും അപമാനമാണ്. ഹൈക്കോടതി നിർദേശ പ്രകാരം റജിസ്റ്റർ ചെയ്ത കേസിനാണ് ഈ ഗതി.
തൊണ്ടിവസ്തുവായ അടിവസ്ത്രം കൈക്കലാക്കാൻ സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ട രേഖയാണ് കേസിൽ ആന്റണി രാജുവിനെതിരായ പ്രധാന തെളിവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ ചതിച്ചുവെന്ന ഗുരുതര വകുപ്പ് പോലീസ് ചുമത്തിയിരിക്കുന്നത്. 28 വർഷത്തിനിടെ വെളിച്ചം കണ്ടിട്ടില്ലാത്ത ആ നിർണായക തെളിവിനെക്കുറിച്ച് ഇനി രേഖ സഹിതം വിശദീകരിക്കാം.
കോടതിയിലെത്തുന്ന കേസുകളിൽ തെളിവാകേണ്ട തൊണ്ടിവസ്തുക്കളുടെ വിവരം എഴുതിസൂക്ഷിക്കുന്ന രേഖയാണ് തൊണ്ടി രജിസ്റ്റർ. ഇതിൽ രേഖപ്പെടുത്തിയ ശേഷം ഈ വസ്തുക്കളെല്ലാം തൊണ്ടി സെക്ഷൻ സ്റ്റോറിലേക്ക് മാറ്റുന്നു. പിന്നെ കോടതിയുടെ അനുമതിയില്ലാതെ ഈ വസ്തുക്കളൊന്നും പുറത്തേക്ക് എടുക്കാൻ കഴിയില്ല. ഈ കർശന വ്യവസ്ഥയെല്ലാം അട്ടിമറിച്ചാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ്. ജോസിന്റെ സഹായത്തോടെ ആൻ്റണി രാജു തൊണ്ടിവസ്തുവായ അടിവസ്ത്രം പുറത്ത് കടത്തിയത്.
അതിങ്ങനെയാണ്; അടിവസ്ത്രത്തിൽ ഒളിപ്പിച്ച ഹാഷിഷുമായി ആൻഡ്രൂ സാൽവദോർ തിരുവനന്തപുരത്ത് പിടിയിലായി നാലുമാസത്തിന് ശേഷം പ്രതിയുടെ ബന്ധുവെന്ന് അവകാശപ്പെട്ട് പോൾ എന്നൊരാൾ എത്തുന്നു. പ്രതിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തതും എന്നാൽ കേസുമായി ബന്ധമില്ലാത്തതുമായ എല്ലാ വസ്തുക്കളും വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷിക്കുന്നു. അനുകൂല ഉത്തരവ് നേടിയ ബന്ധുവിനെ കൂട്ടി ആന്റണി രാജു തൊണ്ടി സെക്ഷനിലെത്തുന്നു. അവിടെ നിന്ന് പ്രതിയുടെ പേഴ്സണൽ ബിലോങിങ്സ്; തൊണ്ടി രജിസ്റ്ററിൽ എഴുതിയിട്ടുള്ള സോപ്പ്, ചീപ്പ്, കണ്ണാടി, കാസറ്റ്, ടേപ്പ്റിക്കോർഡർ എല്ലാം എടുക്കുന്നു. ഇതുവരെ എല്ലാം ഓകെയാണ്.
എന്നാൽ ഇതിനുപിന്നാലെ, കോടതി ചെസ്റ്റിൽ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള തൊണ്ടിവസ്തുക്കൾ, ലഹരിമരുന്നും അടിവസ്ത്രവും; അതിൽ അടിവസ്ത്രം ആൻണി രാജു പുറത്തെടുക്കുന്നു. അവിടെ നിന്നങ്ങോട്ട് നാലുമാസത്തോളം അത് ഇവരുടെ കൈവശം തന്നെയിരുന്നു. പന്ത്രണ്ടാം മാസം വിചാരണ തുടങ്ങുന്നതിന് തൊട്ടുമുൻപ് മാത്രമാണ് തിരികെ ഏൽപിക്കുന്നത്. ഈ കാലയളവിലാണ് ഇത് വെട്ടിത്തയ്ച്ച് കൊച്ചുകുട്ടികളുടേത് പോലെയാക്കി പ്രതിക്ക് ഇടാൻ കഴിയാത്ത പരുവത്തിലാക്കിയത് എന്ന് കുറ്റപത്രത്തിൽ പറയുന്നു. അങ്ങനെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. ഏറ്റുവാങ്ങി കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും, Received എന്നും Returned എന്നും ആന്റണി രാജു തന്നെ എഴുതി ഒപ്പിട്ട ഈ രേഖയാണ് കേസിലെ ഏറ്റവും പ്രധാന തെളിവ്. (പകർപ്പ് ഒപ്പം ചേർക്കുന്നു)
വിചാരണ നടന്നാൽ പ്രതികൾ രണ്ടുപേരും അഴിയെണ്ണുമെന്ന് ഏറെക്കുറെ ഉറപ്പിക്കാവുന്ന തെളിവാണീ രേഖ. അതുകൊണ്ട് തന്നെയാണ് കേസ് ഇങ്ങനെ അനന്തമായി നീട്ടി നശിപ്പിക്കാനുള്ള നീക്കം. ആദ്യകേസിൽ കോടതി ജീവനക്കാരന്റെ സഹായം കിട്ടിയെങ്കിൽ ഈ രണ്ടാം കേസിൽ അതിലും വലുത് സംശിക്കേണ്ടി വരും. പെറ്റിക്ക്സേസിൽ പോലും കോടതിയിൽ ഹാജരാകാത്ത പ്രതിക്ക് ജാമ്യമില്ലാത്ത വാറന്റ് അയക്കുന്നതാണ് കീഴ് വഴക്കവും ചട്ടവുമെന്നിരിക്കെ ഈ കേസിൽ കോടതി കാട്ടുന്ന സൌമനസ്യം അസാധാരണം തന്നെയാണ്. 22 തവണ മാറ്റിവയ്ക്കേണ്ടി വന്നിട്ടും സമൻസ് അല്ലാതെ ഒറ്റത്തവണയും ഒരു വാറന്റ് പോയിട്ടില്ല എന്നാണ് E courts പറയുന്നത്.
അനിൽ ഇമ്മാനുവൽ