ഒടുവിൽ മനോരമ തിരുത്തി; പി.വിജയനെ തെറുപ്പിച്ചത് കെ.ബി.പി.എസിലെ അച്ചടക്ക നടപടി, വ്യാജ വാർത്തയ്ക്ക് പിന്നിൽ ‘ശത്രുവായ’ ഉദ്യോഗസ്ഥൻ ?

തിരുവനന്തപുരം: ഐ.ജി പി. വിജയന്റെ വിവാദ സ്ഥലമാറ്റവുമായി ബന്ധപ്പെട്ട് ഒടുവിൽ തെറ്റു തിരുത്തി മനോരമയും. സ്ഥലമാറ്റത്തിനു പിന്നിൽ  ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ ചിത്രം എ.ടി.എസിൽ നിന്നും ചോർന്നതും, പ്രതിയുമായുള്ള യാത്രാ വിവരം ചോർന്നതും ഉൾപ്പെടെയുളള കാരണങ്ങൾ നിരത്തിയാണ് മനോരമ ഏപ്രിൽ 27 ന് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിൽ ചെറുതായി മാത്രമാണ് കെ.ബി.പി.എസിലെ ഭരണാനുകൂല സംഘടനയുടെ ഇടപെടൽ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ, ഏപ്രിൽ 28 ന് മനോരമ തന്നെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കെ.ബി.പി.എസ് മാനേജിംങ്ങ് ഡയറക്ടർ എന്ന നിലയിൽ പി. വിജയൻ സ്വീകരിച്ച നിലപാടാണ് സ്ഥലമാറ്റത്തിന് കാരണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

കെ.ബി.പി.എസിൽ ദിവസവും 1.20 കോടിയുടെ സംസ്ഥാന ലോട്ടറിയാണ് അച്ചടിക്കേണ്ടതെന്നും, ഇത് 85 ലക്ഷമായി പരിമിതപ്പെടുത്തി മറ്റൊരു സ്ഥാപനത്തിന് ക്വട്ടേഷൻ നൽകാൻ ചില ജീവനക്കാർ ശ്രമിച്ചത് കണ്ടെത്തി നടപടി സ്വീകരിച്ചതിലെ പകയാണ് സ്ഥലമാറ്റത്തിന് കാരണമായി മനോരമ ഇപ്പോൾ പറയുന്ന പ്രധാന കാരണം. ലോട്ടറി അച്ചടിക്കാനുള്ള കടലാസ്, മെഷീൻ, മഷി, കൂടാതെ അതിന്റെ വാർഷിക അറ്റകുറ്റപ്പണി എന്നിവയിലെ വൻ കമ്മിഷൻ ഇടപാടുകൾ തടയാൻ ശ്രമിച്ചതും ഐ.ജി വിജയനോടുള്ള ഭരണപക്ഷ യൂണിയനിലെ ചിലരുടെ എതിർപ്പിനു കാരണമായതായും മനോരമ ചൂണ്ടിക്കാട്ടുന്നുണ്ട്.

അച്ചടിയിൽ തെറ്റു വരുത്തി ലോട്ടറി ഉപയോഗ ശൂന്യമാക്കാൻ തുടങ്ങിയതോടെ, 8 ജീവനക്കാരെയാണ് എം.ഡി ഇടപെട്ട് പുറത്താക്കിയിരുന്നത്. പിന്നീട് ഉന്നത ഇടപെടലിനെ തുടർന്ന് 4 പേരെ തിരിച്ചെടുത്തെങ്കിലും കമ്മീഷൻ മാഫിയയുടെ അടുപ്പക്കാരെന്നു കണ്ടെത്തിയ 4 പേരെ പുറത്തു തന്നെ നിർത്തുകയാണ് ഉണ്ടായത്. ഇവരെ കൂടി തിരിച്ചെടുക്കാനുള്ള ഉന്നത നിർദ്ദേശം പി വിജയൻ അവഗണിച്ചതാണ് സ്ഥലമാറ്റത്തിനു കാരണമായതെന്നാണ് മനോരമ പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ലോട്ടറി അച്ചടി മറ്റൊരു പ്രസിലേക്ക് മാറ്റാനും അതിനു യന്ത്ര സാമ്രഗ്രഹികൾ വാങ്ങാനും ലോട്ടറി വകുപ്പിൽ നിന്നും അവർക്ക് 21കോടി രൂപ വായ്പ അനുവദിക്കാൻ ചിലർ ശ്രമം തുടങ്ങിയ കാര്യവും ഇതോടൊപ്പം മനോരമ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്നാൽ, കെ.ബി.പി.എസ് 258.83 കോടി രൂപ മൊത്തം വരുമാനവും 49.32 കോടി രൂപ അറ്റായാദായവും നേടിയതോടെ ആ നീക്കം ഉപേക്ഷിച്ചെങ്കിലും വിജയന്റെ സ്ഥാനം തെറിക്കുകയാണ് ഉണ്ടായതെന്നാണ് മനോരമ വ്യക്തമാക്കിയിരിക്കുന്നത്. ഈ സംഭവം തന്നെയാണ് യഥാർത്ഥ കാരണമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. നേരത്തെ തെറ്റിധരിപ്പിക്കുന്ന തരത്തിൽ മറ്റു ചില വാർത്തകൾ വരാൻ കാരണം പി വിജയനോട് എതിർപ്പുള്ള ഒരു പൊലീസ് ഉദ്ദ്യോഗസ്ഥൻ മാധ്യമ പ്രവർത്തകരെ തെറ്റിധരിപ്പിച്ചതു മൂലമാണെന്നാണ് പറയപ്പെടുന്നത്.

Top