മനോരമ വധം: പ്രതി ആദം അലിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും

തിരുവനന്തപുരം: മനോരമ വധക്കേസിലെ പ്രതി ആദം അലിയെ സംഭവ സ്ഥലത്തുകൊണ്ടുപോയി പൊലീസ് തെളിവെടുത്തേക്കും. ആദം അലിയെ പത്തു ദിവസത്തെ പൊലീസ് കസ്റ്റഡയിൽ കോടതി വിട്ടിരുന്നു. ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതേവരെയുള്ള പൊലീസ് നിഗമനം. ഒപ്പമുണ്ടായിരുന്നവർക്ക് പങ്കുണ്ടോയെന്നതിനെ കുറിച്ചും വിശദമായ ചോദ്യം ചെയ്യൽ നടക്കും. മെഡിക്കൽ കോളേജ് എസ്എച്ച്ഒ ഹരിലാലിൻറെ നേതൃത്വത്തിലായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുക.

കേശവദാസപുരം മനോരമ വധക്കേസിലെ പ്രതിയെ പിടികൂടിയെങ്കിലും പൊലീസിന് മുന്നിലുള്ളത് രണ്ട് പ്രധാന പ്രശ്നങ്ങളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മനോരമയുടെ കഴുത്തറുക്കാൻ ഉപയോഗിച്ച കത്തി കണ്ടെത്തുക എന്നതാണ്. കവർച്ച ചെയ്ത ആഭരണങ്ങൾ കൂടി കണ്ടെത്തിയാൽ കേസിലെ എല്ലാ പഴുതുകൾ അടയ്ക്കാൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിൻറെ വിലയിരുത്തൽ.

മനോരമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതാണ് അന്വേഷണത്തിൽ നിർണായകരമായത്. ആദം അലി ഒറ്റയ്ക്കാണ് മൃതദേഹം മനോരമയുടെ വീട്ടിൽ നിന്ന് തൊട്ടടുത്ത പുരയിടത്തിലേക്ക് കൊണ്ടുപോയതും ഇവിടുത്തെ കിണറിലേക്ക് തള്ളിയിട്ടതും. മനോരമയെ വധിച്ച ശേഷം മൃതദേഹം ചുമന്ന് കൊണ്ടുവന്ന ആദം അലി, പിന്നീടിത് അടുത്ത പുരയിടത്തിലേക്ക് ഇട്ടു. ഇവിടെ നിന്ന് കിണറ്റിൻകര വരെ മൃതദേഹം വലിച്ചുകൊണ്ടുപോയ ശേഷം, കാലിൽ കല്ല് ചേർത്ത് വെച്ച് കെട്ടി.

Top