മനോജ് തിവാരിയെ നീക്കി; ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ഇനി ആദേശ് കുമാര്‍ ഗുപ്ത

ന്യൂഡല്‍ഹി: ഡല്‍ഹി ബിജെപി അധ്യക്ഷ പദവിയില്‍ നിന്ന് മനോജ് തിവാരിയെ നീക്കി. പുതിയ അധ്യക്ഷനായി ആദേശ് കുമാര്‍ ഗുപ്തയെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ നിയമിച്ചു.ആദേശ് കുമാര്‍ ഗുപ്ത ഉടന്‍ തന്നെ ചുമതല ഏറ്റെടുക്കും. അടിയന്തര പ്രാധാന്യത്തോടെയുള്ളതാണ് നടപടി.

മുന്‍ നോര്‍ത്ത് ഡല്‍ഹി മേയറാണ് ആദേശ് കുമാര്‍ ഗുപ്ത.മാത്രമല്ല വെസ്റ്റ് പട്ടേല്‍ നഗര്‍ വാര്‍ഡില്‍ നിന്നുള്ള സിറ്റിങ് കൗണ്‍സിലര്‍ കൂടിയാണ് ഇദ്ദേഹം.

ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തിരിച്ചടിയ്ക്ക് പിന്നാലെ മനോജ് തിവാരിക്കെതിരെ ബിജെപിക്കുള്ളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ മനോജ് തിവരി കേന്ദ്രനേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നതായിരുന്നു. എന്നാല്‍ പകരക്കാരനെ കണ്ടെത്തുന്നതുവരെ തുടരാനായിരുന്നു കേന്ദത്തിന്റെ നിര്‍ദ്ദേശം. 2016 ലാണ് ഡല്‍ഹി ബിജെപി പ്രസിഡന്റായി മനോജ് തിവാരി നിയമിതനായത്.

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പില്‍ നാല്‍പത്തിയെട്ട് സീറ്റുകളില്‍ വിജയം നേടുമെന്നയായിരുന്നു ബിജെപിയുടെ പ്രഖ്യാപനം. എന്നാല്‍ ഫലം വന്നപ്പോള്‍ ഏട്ട് സീറ്റുകളിലേക്ക് ബിജെപി ഒതുങ്ങുകയായിരുന്നു.

Top