മനോജ് എബ്രഹാം “റീ ലോഡഡ്” ഭയക്കണം ഇനി വിജിലൻസിനെ . . .

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്ത ശേഷം പൊലീസിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സംസ്ഥാന വിജിലൻസ് മേധാവിയുടെ ചുമതല എ.ഡി.ജി.പി മനോജ് എബ്രഹാമിനെയാണ് സർക്കാർ ഏൽപ്പിച്ചിരിക്കുന്നത്.നിരവധി വർഷമായി പൊലീസ് ആസ്ഥാനത്തെ ഭരണ വിഭാഗം എ.ഡി. ജി.പിയായി പ്രവർത്തിക്കുന്ന മനോജ് എബ്രഹാമിന് ഈ സ്ഥലമാറ്റം തികച്ചും അപ്രതീക്ഷിതമാണെങ്കിലും, സർക്കാറിനെ സംബന്ധിച്ച് അനിവാര്യമായ മാറ്റമാണിത്. സംസ്ഥാന പൊലീസ് ചീഫിനെ പോലെ തന്നെ, ഏറ്റവും പ്രധാനപ്പെട്ട തസ്തികയാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ സ്ഥാനവും. സാധാരണ ഡി.ജി.പി തസ്തികയിലുള്ള ഐ.പി.എസുകാരെയാണ് ഈ തസ്തികയിൽ നിയമിക്കാറുള്ളത്. എ.ഡി.ജി.പി വിജിലൻസായി നിയമിക്കപ്പെട്ട മനോജ് എബ്രഹാം തന്നെ വിജിലൻസ് ഡയറക്ടറുടെയും ചുമതല വഹിക്കട്ടെ എന്നതാണ് സർക്കാർ തീരുമാനം.

സംസ്ഥാനത്തെ അഴിമതിക്കാരായ സർക്കാർ ജീവനക്കാരെ സംബന്ധിച്ച് ചങ്കിടിപ്പിക്കുന്ന തീരുമാനമാണിത്. പൊലീസ് സേനയിൽ ഉൾപ്പെടെ, സംസ്ഥാനത്തെ എത് സർക്കാർ ജീവനക്കാർ അഴിമതി നടത്തിയാലും അതു കണ്ടെത്തി നടപടി സ്വീകരിക്കേണ്ടത് വിജിലൻസിന്റെ കടമയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി വിജിലൻസിന്റെ പ്രവർത്തനം സാധാരണ ഗതിയിലാണ് മുന്നോട്ട് പോകുന്നത്. ഇതാണ് ഇനി ‘അസാധാരണ’ ഗതിയിൽ മുന്നോട്ട് പോകാൻ പോകുന്നത്.

സംസ്ഥാന പൊലീസിലെ ഏറ്റവും കർക്കശക്കാരനായ ഐ.പി.എസ് ഓഫീസറായ മനോജ് എബ്രഹാമിൽ നിന്നും ഒരു വിട്ടുവീഴ്ചയും ഉണ്ടാകാൻ സാധ്യതയില്ല. വിജിലൻസ് ഡിപ്പാർട്ട്മെന്റിൽ തന്നെ ഒരു പൊളിച്ചെഴുത്തിനും സാധ്യതയുണ്ട്. അതിനുള്ള സ്വാതന്ത്ര്യവും മനോജ് എബ്രഹാമിനുണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

കർക്കശമായ നടപടികളിലൂടെ യു.ഡി.എഫ് ഭരണകാലത്തും ഇടതുപക്ഷ ഭരണകാലത്തും ഒരുപോലെ ശ്രദ്ധേയനായ ഓഫീസറാണ് മനോജ് എബ്രഹാം. സി.ബി.ഐ ഉൾപ്പെടെ കേന്ദ്രത്തിലെ പ്രധാന ഏജൻസികളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടും, അത് വേണ്ടന്ന് വച്ച് കേരളത്തിൽ തന്നെ തുടരുകയാണ് അദ്ദേഹം ചെയ്തത്.

എ കെ ആന്റണി മുഖ്യമന്ത്രിയും കെ.ജെ. ജോസഫ് സംസ്ഥാന പൊലീസ് മേധാവിയും ആയിരിക്കെ കണ്ണൂർ എസ്.പിയായിരുന്നു മനോജ് എബ്രഹാം, കലാപ കലുഷിതമായ കണ്ണൂരിലെ ആക്രമണങ്ങളെ ഉരുക്കു മുഷ്ടി ഉപയോഗിച്ചാണ് അടിച്ചമർത്തിയിരുന്നത്. മനോജ് കണ്ണൂരിൽ തുടർന്ന നാല് വർഷവും, ക്രിമിനലുകളെ സംബന്ധിച്ച് ‘കലി കാലം’ തന്നെയായിരുന്നു.കൊച്ചി, തിരുവനന്തപുരം കമ്മീഷണറായപ്പോൾ അദ്ദേഹം ഗുണ്ടകൾക്കെതിരെ സ്വീകരിച്ച നിലപാടും ഏറെ ശ്രദ്ധയമായിരുന്നു. തിരുവനന്തപുരം എം.ജി കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് സി.ഐക്ക് നേരെ ബോംബേറ് ഉണ്ടായപ്പോൾ, അക്രമികളെ പിടിക്കാൻ കോളജ് കാമ്പസിൽ കയറി പൊലീസ് നടപടിക്ക് നേതൃത്വം കൊടുത്തതും സിറ്റി പൊലീസ് കമ്മീഷണറായിരുന്ന മനോജ് എബ്രഹാം ആയിരുന്നു. ഒടുവിൽ പൊലീസിനെ പിന്തിരിപ്പിക്കാൻ അന്നത്തെ സോണൽ ഐ.ജിക്കു തന്നെ നേരിട്ട് കാമ്പസിൽ എത്തേണ്ടി വന്നതും നാട് കണ്ടതാണ്. ഇതുപോലെ നിരവധി പൊലീസ് നടപടികൾക്ക് നേതൃത്വം കൊടുത്ത മനോജ് എബ്രഹാമിന്റെ നിഷ്പക്ഷതയിൽ, സി.പി.എമ്മിനു മാത്രമല്ല, യു.ഡി.എഫിനെ സംബന്ധിച്ചും മറിച്ചൊരു അഭിപ്രായമില്ലന്നതാണ് യാഥാർത്ഥ്യം.

Top