manohar parikar as goa chief minister

പനാജി: ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ വൈകരുതെന്ന് കേന്ദ്രം നിലപാടെടുത്തതോടെയാണ് ഈ നടപടി.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് ചടങ്ങ്. നിലവില്‍ കേന്ദ്ര പ്രതിരോധമന്ത്രിയായ പരീക്കര്‍, കേന്ദ്രമന്ത്രിസ്ഥാനം എപ്പോള്‍ രാജിവയ്ക്കുമെന്ന് വ്യക്തമല്ല. പരീക്കര്‍ മുഖ്യമന്ത്രിയാകണമെന്നു ഗോവയില്‍ ബിജെപി എംഎല്‍എമാര്‍ പ്രമേയം പാസാക്കിയിരുന്നു.

ബിജെപിക്കു സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ വാഗ്ദാനം ചെയ്ത മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും (എംജിപി) ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും (ജിഎഫ്പി) പരീക്കര്‍ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യമുന്നയിച്ചു. ഇതിനു പിന്നാലെയാണ് ഗോവയിലേക്ക് പരീക്കറിന്റെ തിരിച്ചുവരവ്. മുഖ്യമന്ത്രിയാകുന്നതോടെ ആറു മാസത്തിനുള്ളില്‍ പരീക്കറിന് ഗോവയിലെ ഏതെങ്കിലും മണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു ജയിക്കണം.

എന്നാല്‍ ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ തഴഞ്ഞ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

കേന്ദ്ര മന്ത്രി മനോഹര്‍ പരീക്കറെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ ആദ്യം വിളിച്ചതിനെതിരെയാണ് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

ഞായറാഴ്ച രാത്രി 21 പേരുടെ പിന്തുണ ബിജെപിക്കുണ്ടെന്ന് അവകാശപ്പെട്ട് രാജ്ഭവനിലെത്തിയ പരീക്കര്‍ക്ക് ഗവര്‍ണര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സാവകാശം നല്‍കിയിരുന്നു.

Top