കേരളത്തില്‍ ഐഎസ് പ്രവര്‍ത്തനം: മണ്ണാര്‍ക്കാട് സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍

കൊച്ചി : കേരളത്തില്‍ തീവ്രവാദ സംഘടനയായ ഐ എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചെന്നാരോപിച്ച് മണ്ണാര്‍ക്കാട് സ്വദേശിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. സഹീര്‍ തുര്‍ക്കിയാണ് പിടിയിലായത്. തൃശൂര്‍ ഐഎസ് കേസില്‍ പിടിയിലായ നബീല്‍ അഹമ്മദിന്റെ കൂട്ടാളിയാണ് സഹീര്‍ തുര്‍ക്കിയെന്ന് എന്‍ഐഎ പറഞ്ഞു. ഇന്നലെ വീട്ടില്‍ വെച്ചാണ് എന്‍ ഐഎ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടില്‍ നിന്നും സൈബര്‍ തെളിവുകളും കണ്ടെടുത്തു. നബീല്‍ അഹമ്മദിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് സഹീറാണ്. നബീലിന് സഹീര്‍ വ്യാജ സിം കാര്‍ഡും, പണവും നല്‍കിയെന്നും എന്‍ഐഎ ആരോപിച്ചു. നബീലിനെ ഒളിവില്‍ താമസിച്ച ലോഡ്ജിലെ രേഖകളും പിടിച്ചെടുത്തു. അവനൂരിലെ ലോഡ്ജില്‍ 10 ദിവസമാണ് നബീല്‍ അഹമ്മദ് ഒളിവില്‍ കഴിഞ്ഞത്.

താലിബാന്‍ മാതൃകയില്‍ കേരളത്തിലും ഐ എസ് ഗ്രൂപ്പ് രൂപീകരിക്കാന്‍ മലയാളികള്‍ ഉള്‍പ്പെട്ട സംഘം ശ്രമിച്ചെന്നാണ് എന്‍ഐഎ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. എന്‍ഐഎ ആദ്യം കസ്റ്റഡിയിലെടുത്ത തൃശ്ശൂര്‍ സ്വദേശി നബീല്‍ അഹമ്മദിന്റെ മൊഴിയില്‍ നിന്നാണ് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്. പെറ്റ് ലൗവേര്‍സ് എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പ് സൃഷ്ടിച്ച സംഘം തൃശ്ശൂര്‍ പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും പദ്ധതിയിട്ടിരുന്നുവെന്ന് എന്‍ഐഎ പറയുന്നു.

Top