ചിലര്‍ മുതലെടുപ്പിന് ശ്രമിച്ചു; മന്‍ കി ബാത്തില്‍ അയോധ്യ വിഷയം പരാമര്‍ശിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ അയോധ്യ വിഷയം പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത മാസം 17-ന് മുമ്പ് അയോധ്യ കേസില്‍ സുപ്രീം കോടതി അന്തിമവിധി പുറപ്പെടുവിക്കാനിരിക്കെയാണ് മോദിയുടെ പരാമര്‍ശം.

അയോധ്യക്കേസില്‍ അലഹാബാദ്‌ഹൈക്കോടതി 2010ല്‍ പുറപ്പെടുവിച്ച വിധിയെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. രാമജന്‍മഭൂമി വിഷയത്തില്‍ അലഹബാദ് ഹൈക്കോടതി വിധി വരാനിരിക്കെ ചിലര്‍ മുതലെടുപ്പിന് ശ്രമിച്ചെന്നും നിരുത്തരവാദപരപരമായ പ്രസ്താവനകള്‍ നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ വിധി പുറത്തുവന്നപ്പോള്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നുമുണ്ടായില്ല. എല്ലാവരും കോടതിവിധിയെയും നീതിന്യായവ്യവസ്ഥയെയും മാനിക്കുകയാണ് ഉണ്ടായത്. ഇത് രാജ്യത്തിന്റെ ശക്തിയാണെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ സമാധാനവും ഐക്യവുംനിലനിര്‍ത്താന്‍ സഹായിച്ച ജനങ്ങള്‍, സാമൂഹ്യ സംഘടനകള്‍, പുരോഹിതര്‍ തുടങ്ങിയവര്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

40 ദിവസം തുടര്‍ച്ചയായി നടന്ന വാദം കേള്‍ക്കലിനു ശേഷം അയോധ്യ കേസില്‍ അടുത്ത മാസം വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയുടെ കാലാവധി നവംബര്‍ 17ന് അവസാനിക്കുന്നതിന് മുമ്പ് അയോധ്യ കേസില്‍ വിധി പറയുമെന്നാണു പ്രതീക്ഷ.

പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ സമ്പത്തെണെന്ന പ്രധാനമന്ത്രി പറഞ്ഞ മോദി പുരാണങ്ങളും ഇതിഹാസങ്ങളും ഇതാണ് നമ്മളെ പഠിപ്പിക്കുന്നതെന്നും പറഞ്ഞു. സ്ത്രീശക്തിയെ രാജ്യം എന്നും ബഹുമാനിക്കുന്നു എന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഐക്യത്തിന്റെ സന്ദേശമാണ് സര്‍ദാര്‍ പട്ടേല്‍ രാജ്യത്തിന് നല്‍കിയത്. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ തലകുനിക്കുന്നു. ഒരു വര്‍ഷം കൊണ്ട് പട്ടേല്‍ സ്മാരകം ലോകത്തിലെ തന്നെ ഏറ്റവും വളര്‍ച്ച കൈവരിച്ച വിനോദ സഞ്ചാര കേന്ദ്രമായിമാറിയതായി അദ്ദേഹം അവകാശപ്പട്ടു.

ഫിറ്റ് ഇന്ത്യ പദ്ധതിയുടെ പ്രധാന്യം പ്രസംഗത്തില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞു.ജനങ്ങള്‍ ഓട്ടം ശീലമാക്കണം. ശരീരത്തിനും മനസ്സിനും ഒരു പോലെ ഉണര്‍വ്വ് നല്‍കുന്ന ഒന്നാണ് ഓട്ടമെന്നും അദ്ദേഹം പറഞ്ഞു.

Top