മന്‍മോഹന്‍ സിംഗ് ചികിത്സയില്‍ കഴിയുന്നതിന്റെ ഫോട്ടോ പുറത്തുവിട്ട സംഭവം; അതൃപ്തിയറിയിച്ച് കുടുംബം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിന്റെ ചിത്രം പുറത്തുവിട്ടതിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കുടുംബം. ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ മന്‍മോഹന്‍ സിംഗിനെ കാണുന്ന ചിത്രം പുറത്ത് വന്നത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ചിത്രം പകര്‍ത്തരുതെന്ന് അമ്മ പറഞ്ഞതാണെന്നും അത് വകവെക്കാതെ മന്ത്രിയുടെ ഒപ്പമെത്തിയ ഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തിയെന്നുമാണ് മന്‍മോഹന്‍ സിങ്ങിന്റെ മകള്‍ ധമാന്‍ സിങ് പറയുന്നത്. സംഭവം കുടുംബത്തെ വേദനിപ്പിച്ചുവെന്നും ധമാന്‍ സിങ് പറഞ്ഞു.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗിനെ ബുധനാഴ്ച ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസമായി അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. രക്തത്തിലെ ഗ്ലൂക്കോസ് നിലയും താഴ്ന്നിരുന്നു. ശ്വാസതടസമടക്കമുള്ള പ്രയാസങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് മന്‍മോഹന്‍ സിംഗിനെ ആശുപത്രിയിലെത്തിച്ചത്.

Top