അവസരം കാത്ത് മുൻ പ്രധാനമന്ത്രിയും ! രാഹുലിന് മുന്നിൽ വഴി അടഞ്ഞാൽ

2014ല്‍ നരേന്ദ്ര മോദിയെ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ്. സോണിയ ഗാന്ധി വിദേശി വിവാദത്തില്‍ കുടുങ്ങിയപ്പോള്‍ ഒന്നും രണ്ടും യു.പി.എ സര്‍ക്കാരുകളെ നയിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത് ഈ മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറെയായിരുന്നു.

തുടര്‍ച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് നിരവധി അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇത് തന്നെയാണ് ബിജെപിക്ക് പിന്നീട് നേട്ടമുണ്ടാക്കി കൊടുക്കുന്നതിന് വഴിയൊരുക്കിയിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്.അനവധി തവണ രാജ്യം ഭരിച്ച പാര്‍ട്ടി കേവലം 44 സീറ്റില്‍ ഒതുക്കപ്പെട്ടത് അതിദയനീയമായിരുന്നു.

നെഹ്‌റു കുടുംബം നിയന്ത്രിക്കുന്ന ഒരു പാവ പ്രധാനമന്ത്രിയെന്നും മൗനി ബാബയെന്നുമൊക്കെയാണ് എതിരാളികള്‍ ഇദ്ദേഹത്തെ പരിഹസിച്ചിരുന്നത്. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര നിരവധി വിഷയങ്ങളില്‍ ഇടപെട്ടതും ഇപ്പോള്‍ കേസില്‍ കുരുങ്ങിയതുമെല്ലാം മന്‍മോഹന്‍ സര്‍ക്കാര്‍ കാലത്ത് നടന്ന ഇടപാടുകള്‍ മുന്‍ നിര്‍ത്തികൂടിയായിരുന്നു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സംഭവബഹുലമായ ഭരണത്തിനെതിരെ കടുപ്പിച്ച് ഒരക്ഷരം ഉരിയാടാതിരുന്ന ഈ മുന്‍ പ്രധാനമന്ത്രി ഇപ്പോഴാണ് മോദിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുന്നത്.മോദിയുടെ ഭരണം മോശമാണെന്ന് മന്‍മോഹന്‍ സിംഗിന് പറയാന്‍ തന്നെ അഞ്ചു വര്‍ഷമെടുത്തു എന്നകാര്യവും നാം ഓര്‍ക്കണം.

യുവാക്കളെയും കര്‍ഷകരെയും വ്യാപാരികളെയും മോദി ‘ഭരണം തകര്‍ത്തെന്നും പുറത്തേക്കുള്ള വഴി തുറന്ന് കഴിഞ്ഞെന്നുമാണ്’ മന്‍മോഹന്‍ സിംഗ് തുറന്നടിച്ചിരിക്കുന്നത്. ഇനി അകത്തോട്ട് ആരാണെന്ന് മന്‍മോഹന്‍ സിംഗ് തുറന്ന് പറഞ്ഞില്ലെങ്കിലും ആ മനസ്സിലെ മോഹം ഏറെക്കുറേ വ്യക്തവുമാണ്.

ഒറ്റക്ക് യു.പി.എക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം വന്നാല്‍ വീണ്ടും പ്രധാനമന്ത്രി പദത്തില്‍ ഒരവസരം, അതല്ലെങ്കില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കാലാവധി കഴിഞ്ഞാല്‍ രാഷ്ട്രപതിയാവുക. ഈ സ്വപ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് മന്‍മോഹന്‍ സിംഗിന്റെ ഇപ്പോഴത്തെ രംഗ പ്രവേശനമെന്നാണ് കോണ്‍ഗ്രസ്സിലെ തന്നെ അണിയറ സംസാരം.

യു.പി.എക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ലങ്കില്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയില്‍ സര്‍ക്കാര്‍ ഉണ്ടാക്കേണ്ടി വരും. അത്തരം ഒരു ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തെ പല നേതാക്കളും അംഗീകരിക്കാന്‍ സാധ്യതയില്ല. ഈ ഘട്ടത്തില്‍ മന്‍മോഹന്‍ സിംഗ് പൊതു സമ്മതനായി ഉയര്‍ത്തിക്കാട്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. തനിക്ക് പ്രധാനമന്ത്രിയാവുക എന്നതിനേക്കാള്‍ മോദിയെ താഴെ ഇറക്കുക എന്നതാണ് ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധിയും ഇതിനകം നിലപാട് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.

നെഹ്‌റു കുടുംബവുമായി വളരെ അടുപ്പവും വിധേയത്വവും പുലര്‍ത്തുന്ന മന്‍മോഹന്‍ സിംഗിനെ കേന്ദ്രത്തില്‍ ത്രിശങ്കുസഭയായാല്‍ സോണിയ ഗാന്ധി തന്നെ നിര്‍ദ്ദേശിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

യു.പി.എക്കാള്‍ കൂടുതല്‍ സീറ്റുകള്‍ പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികള്‍ക്ക് ലഭിച്ചില്ലെങ്കില്‍ ഒടുവില്‍ അവര്‍ക്കും യു.പി.എയെ തന്നെ പിന്തുണക്കേണ്ടി വരുമെന്ന കണക്കു കൂട്ടലും കോണ്‍ഗ്രസ്സിനുണ്ട്.

ഫലപ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ ചേരിയെ പിളര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുമെന്ന കാര്യം ഉറപ്പായതിനാല്‍ ചില മുന്‍ കരുതലുകളും ഇതിനകം തന്നെ കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയോ, കൂടുതല്‍ സീറ്റുകള്‍ നേടുന്ന മുന്നണിയോ ആയാല്‍ കര്‍ണ്ണാടക മോഡല്‍ ഇടപെടല്‍ നടത്താനാണ് തീരുമാനം.

പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ ഹൈക്കമാന്റിലെ ഒരു ടീമിനെ തന്നെ രാഹുല്‍ നിശ്ചയിച്ചിട്ടുണ്ട്. പാര്‍ട്ടി എം.പിമാരെ റാഞ്ചാതിരിക്കാന്‍ വിജയിച്ചവരെ ഉടന്‍ തന്നെ സുരക്ഷിത കേന്ദ്രത്തിലെത്തിക്കണമെന്നതാണ് പി.സി.സികള്‍ക്ക് നല്‍കിയിരിക്കുന്ന മറ്റൊരു നിര്‍ദ്ദേശം.

200 സീറ്റ് കോണ്‍ഗ്രസ്സിന് മാത്രമായി ലഭിക്കുമെന്ന കണക്കുകളാണ് ഹൈക്കമാന്റ് നിരത്തുന്നത്. 150-ല്‍ ഒതുങ്ങിയാലും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കണമെന്നതാണ് ഇപ്പോഴത്തെ അജണ്ട. ഇതിനു വേണ്ടിയാണ് പ്രാദേശിക പാര്‍ട്ടികളെ കൂടി ലക്ഷ്യമിടുന്നത്.

അതേസമയം ഇടതുപക്ഷവും ആം ആദ്മി പാര്‍ട്ടി, ബി.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെതിരെ നിലപാട് സ്വീകരിക്കുമെന്ന ആശങ്കയും കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ സജീവമാണ്.

മൂന്നാം ചേരിക്ക് പ്രാമുഖ്യമുള്ള ഒരു സര്‍ക്കാരാണ് ഈ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നത്. മോദി രണ്ടാമതും അധികാരത്തില്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസ്സ് വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുമെന്നും മൂന്നാം ചേരി കണക്ക് കൂട്ടുന്നു. തെലങ്കാനയിലെ ടി.ആര്‍.എസ്, ആന്ധ്രയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, എന്‍.സി.പി, ബിജു ജനതാദള്‍, എസ്.പി, ജെ.ഡി.യു, ബി.എസ്.പി, ഇടതുപക്ഷം, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ കുറു മുന്നണിയാവാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും തള്ളിക്കളയുന്നില്ല.

ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വമാകട്ടെ കേന്ദ്രത്തിലെ കാറ്റ് എങ്ങോട്ടാണോ വീശുന്നത് അതിന് അനുസരിച്ച് നിലപാട് സ്വീകരിക്കാമെന്ന കണക്ക് കൂട്ടലിലുമാണ്. ബി.ജെ.പിയുടെ കടുത്ത ശത്രുവായാണ് അറിയപ്പെടുന്നതെങ്കിലും ആദ്യം മറുകണ്ടം ചാടുക മമത ആയിരിക്കുമെന്ന വിലയിരുത്തല്‍ ഡല്‍ഹിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിലും ശക്തമാണ്.


കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ സാധ്യതയുള്ളത് ആരായാലും ഇനി അവരെ പിണക്കി ബംഗാളില്‍ മമതക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. മോദിയുമായും മന്‍മോഹന്‍ സിംഗുമായും ഒരു പോലെ ബന്ധം സൂക്ഷിക്കുന്ന മമതക്ക് രാഹുലിനോട് പക്ഷേ വലിയ താല്‍പ്പര്യമൊന്നും ഇല്ല. ഇവിടെയും മന്‍മോഹനെ സംബന്ധിച്ച് സാധ്യത തുറന്ന് കിടക്കുകയാണ്. കേവല ഭൂരിപക്ഷം യു.പി.എക്ക് ഇല്ലങ്കില്‍ പുറത്തു നിന്നുള്ള കക്ഷികളില്‍ എം.പിമാരുടെ എണ്ണം കൂടുതലുള്ള കക്ഷികള്‍ ചൂണ്ടിക്കാണിക്കുന്ന വ്യക്തിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തി കാട്ടാന്‍ കോണ്‍ഗ്രസ്സും നിര്‍ബന്ധിതമാകും.

Express Kerala View

Top