തൊണ്ണൂറിന്റെ നിറവിൽ മൻമോഹൻ സിങ്; ആശംസകളുമായി നരേന്ദ്ര മോദിയും രാഹുലും

ഡല്‍ഹി: മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഇന്ന് 90ആം ജന്മദിനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള വിവിധ നേതാക്കള്‍ അദ്ദേഹത്തിന് ആശംസകള്‍ നേരുകയാണ്. “മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് ജീക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നു”- എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

മൻമോഹൻ സിങ്ങിന് ജന്മദിനാശംസകൾ നേർന്ന രാഹുൽ ഗാന്ധി, അദ്ദേഹത്തിന്റെ വിനയവും സമർപ്പണവും രാജ്യത്തിന്റെ വികസനത്തിനായി ചെയ്ത സംഭാവനകളും എടുത്തുപറഞ്ഞു- “ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായ ഡോ. മൻമോഹൻ സിങ് ജീക്ക് ജന്മദിനാശംസകൾ നേരുന്നു. അദ്ദേഹത്തിന്റെ വിനയം, അർപ്പണബോധം, ഇന്ത്യയുടെ വികസനത്തിനായുള്ള സംഭാവനകള്‍ എന്നിവയ്ക്ക് സമാനതകളില്ല. എനിക്കും കോടിക്കണക്കിന് ഇന്ത്യക്കാർക്കും അദ്ദേഹം പ്രചോദനമാണ്. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി പ്രാർഥിക്കുന്നു”.

വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കറും മന്‍മോഹന്‍ സിങ്ങിന് ആശംസകള്‍ നേര്‍ന്നു- “ആദരണീയനായ ഡോ. മൻമോഹൻ സിങ് ജീക്ക് ഊഷ്മളമായ ആശംസകൾ. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും നല്ല ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി പ്രാർഥിക്കുന്നു”.കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് 2004 മുതല്‍ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ്. സാമ്പത്തിക വിദഗ്ധനാണ് അദ്ദേഹം. 1991-96 കാലഘട്ടത്തിൽ പി.വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ അദ്ദേഹം ധനമന്ത്രിയായിരുന്നു.

Top