ആത്മപ്രശംസയും വ്യാജപ്രചാരണങ്ങളുമാണ് മോദി നടത്തുന്നതെന്ന് മന്‍മോഹന്‍ സിങ്ങ്

manmohan-singh

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്. രാജ്യ പുരോഗതിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും വേണ്ട നയങ്ങള്‍ക്കു പകരം ആത്മപ്രശംസയും വ്യാജപ്രചാരണങ്ങളുമാണ് മോദി നടത്തുന്നതെന്നു മന്‍മോഹന്‍ പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കവെയാണ് മോദിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. രാജ്യത്ത് സാമൂഹ്യ സൗഹാര്‍ദ്ദവും സാമ്പത്തിക വികസനവും തിരിച്ചുകൊണ്ടുവരുന്നതിനുള്ള രാഹുല്‍ ഗാന്ധിയുടെ പ്രയത്‌നങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

തുടര്‍ച്ചയായി സ്വയം പുകഴ്ത്തുന്നതും പൊള്ളയായ വാഗ്ദാനങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ശക്തമായ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് പകരമാവില്ലെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു.
2022ഓടുകൂടി കാര്‍ഷിക മേഖലയില്‍നിന്നുള്ള വരുമാനം ഇരട്ടിയാകുമെന്ന് മോദി പറയുന്നു. അങ്ങനെ സംഭവിക്കണമെങ്കില്‍ കാര്‍ഷിക രംഗത്തെ വളര്‍ച്ചാനിരക്ക് 14 ശതമാനമെങ്കിലും ആകണം. എന്നാല്‍ നിലവില്‍ അതിന്റെ യാതൊരു ലക്ഷണങ്ങളും കാണാനില്ല മന്‍മോഹന്‍ സിങ് വ്യക്തമാക്കി.

രാഹുല്‍ പാര്‍ട്ടി തലപ്പത്ത് എത്തിയശേഷമുള്ള പുനസംഘടിപ്പിച്ച പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗമായിരുന്നു ഇത്. അതേസമയം ബിജെപി ദളിതരെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കുമ്പോള്‍ ഇന്ത്യയുടെ ശബ്ദമായി മാറുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിനായി പ്രവര്‍ത്തകര്‍ പരിശ്രമിക്കണമെന്നും രാഹുല്‍ പറഞ്ഞു.

പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പരിചയസമ്പത്തിന്റെയും ഊര്‍ജത്തിന്റെയും കേന്ദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് അടിച്ചമര്‍ത്തപ്പെടുന്ന നിരവധി ആളുകളുണ്ടെന്നും ഇവരുടെയും രാജ്യത്തിന്റെയും ഉന്നമനത്തിനായി വേണം പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കത്തെ ചെറുക്കണമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയണമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Top