ചിദംബരത്തെയും ഡി.കെയേയും കാണാന്‍ മന്‍മോഹനും സോണിയയും തിഹാര്‍ ജയിലിലെത്തി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും തിഹാര്‍ ജയിലില്‍ കഴിയുന്ന പി.ചിദംബരത്തെയും ഡി.കെ ശിവകുമാറിനെയും സന്ദര്‍ശിച്ചു.

ഐ.എന്‍.എക്സ് മീഡിയ കേസിലാണ് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ പി ചിദംബരം ജയിലില്‍ കഴിയുന്നത്. സെപ്തംബര്‍ 5 മുതല്‍ ചിദംബരം തീഹാര്‍ ജയിലില്‍ കഴിയുകയാണ്. ഡി കെ ശിവകുമാര്‍ കള്ളപ്പണക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.

ചിദംബരത്തിന്റെ കസ്റ്റഡി അടുത്ത മാസം മൂന്ന് വരെ നീട്ടിയിരുന്നു. ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

74 കാരനായ മുന്‍ കേന്ദ്ര മന്ത്രിയെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട്. പി ചിദംബരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മന്‍മോഹന്‍ സിങ്ങും സോണിയ ഗാന്ധിയും ജയിലിലെത്തിയത്.

മന്‍മോഹനും സോണിയയും ജയിലിലെത്തി സന്ദര്‍ശിച്ചത് രാഷ്ട്രീയപോരാട്ടത്തില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്ന് കാര്‍ത്തി ചിദംബരം പ്രതികരിച്ചു.

ഓഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയ എന്ന കമ്പനിക്ക് വിദേശ ഫണ്ട് ലഭിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കുന്നതിന് അനധികൃതമായി പി ചിദംബരം ഇടപെട്ടെന്നാണ് കേസ്.

Top