ബി ജെ പി സ്വന്തം പാപക്കറ മറച്ചുവയ്ക്കാന്‍ കോണ്‍ഗ്രസിനെ പഴിചാരുകയാണെന്ന് മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: കഴിഞ്ഞ ഏഴു വര്‍ഷമായി രാജ്യം ഭരിച്ചിട്ടും കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാത്ത ബി ജെ പി സ്വന്തം പാപക്കറ മറച്ചുവയ്ക്കാന്‍ കോണ്‍ഗ്രസിനെയും ജവഹര്‍ലാല്‍ നെഹ്രുവിനെയും പഴിചാരുകയാണെന്ന് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗ് പറഞ്ഞു.

തങ്ങളുടെ കഴിവുകേടുകളെ മറയ്ക്കുന്നതിന് സ്വന്തം ചരിത്രത്തെ കുറ്റപ്പെടുത്തുകയല്ല പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പുറത്തിറക്കിയ വീഡിയോയിലാണ് മന്‍മോഹന്‍ സിംഗിന്റെ കടന്നാക്രമണം.

കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഇപ്പോഴും ഇന്ത്യയിലെ ജനങ്ങള്‍ ഓര്‍മിക്കുന്നുണ്ടെന്നും എന്നാല്‍ ബി ജെ പി ഭരണത്തിന് കീഴില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും ആകുകയാണെന്ന് മന്‍മോഹന്‍ സിംഗ് ആരോപിച്ചു. പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷകര്‍ തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയെ അധിക്ഷേപിക്കാനായിരുന്നു പ്രധാനമന്ത്രിക്കും ബി ജെ പിക്കും കൂടുതല്‍ താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിനകത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല നിലവിലെ പ്രശ്‌നങ്ങളെന്നും ചൈന അതിര്‍ത്തിയില്‍ ദിവസംതോറും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഒരു ദിവസം ആരോടും പറയാതെ ശത്രുരാജ്യത്തെ പ്രധാനമന്ത്രിയെ ചെന്ന് കെട്ടിപിടിച്ചാലോ വിളിക്കാത്ത വിരുന്ന് ഉണ്ണാന്‍ ചെന്നാലോ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്ന് മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. 2015ല്‍ അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ചെറുമകളുടെ വിവാഹത്തിന് നരേന്ദ്ര മോദി നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തെ സൂചിപ്പിച്ചായിരുന്നു മന്‍മോഹന്റെ വിമര്‍ശനം.

Top