സാമ്പത്തിക മാന്ദ്യം എന്ന യാഥാര്‍ഥ്യം നിഷേധിച്ചിട്ട് കാര്യമില്ല;മന്‍മോഹന്‍ സിങ്

manmohan-singh

ന്യൂഡല്‍ഹി: തലക്കെട്ട് സൃഷ്ടിക്കല്‍ ശീലം മാറ്റിവച്ച് പ്രതിസന്ധി നേരിടുന്നു എന്ന് അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കേന്ദ്രം അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ഏതാനും വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക വികസനത്തില്‍ ശ്രദ്ധിക്കാതെ സമയം പാഴാക്കുകയാണ്. ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന യാഥാര്‍ഥ്യം നിഷേധിച്ചിട്ട് കാര്യമില്ല. ഇപ്പോള്‍ തന്നെ വളരയധികം സമയം നഷ്ടപ്പെട്ട് കഴിഞ്ഞു. പൊടിക്കൈകള്‍ കൊണ്ടോ നോട്ട് നിരോധനം പോലുള്ള വലിയ അബദ്ധങ്ങള്‍ കൊണ്ടോ പ്രയോജനമില്ലെന്നും
അദ്ദേഹം പറഞ്ഞു.

തൊഴിലവസരം സൃഷ്ടിക്കാനുള്ള മേഖലകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള സമയവും അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തിക രംഗത്ത് ഉണര്‍വ്വുണ്ടാക്കാന്‍ അദ്ദേഹം അഞ്ച് നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു.

1. അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര യുദ്ധം നടക്കുന്നതിനാല്‍ പുതിയ കയറ്റുമതി വിപണികള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം.

2. ഹ്രസ്വകാലത്തേക്ക് വരുമാന നഷ്ടമുണ്ടാകുമെങ്കിലും ജി.എസ്.ടി നിരക്ക് ഏകീകരിക്കുക

3. കാര്‍ഷിക മേഖല പുനരുദ്ധരിക്കണം, ഗ്രാമീണമേഖലയില്‍ വാങ്ങല്‍ ശേഷി കൂട്ടാന്‍ നടപടി വേണം. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ നിന്ന് തന്നെ വേണമെങ്കില്‍ ക്ലൂ കണ്ടെത്താവുന്നതാണ്

4. ടെക്സ്‌റ്റൈല്‍, വാഹനമേഖല, ഇലക്ട്രോണിക്സ് രംഗം, നിര്‍മ്മാണ മേഖല പോലെ വലിയ തോതില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മേഖലകള്‍ പുനരുജ്ജീവിപ്പിക്കണം. ഇതിനായി വായ്പകള്‍ ലഭ്യമാക്കണം

5. പണലഭ്യത കുറയുന്നത് ഗൗരവത്തോടെ കാണണം. പൊതുമേഖലാ ബാങ്കുകള്‍ മാത്രമല്ല, മറ്റ് ധനകാര്യ സ്ഥാപനങ്ങളും പണലഭ്യതയില്ലാത്തതിന്റെ പ്രതിസന്ധി നേരിടുന്നുണ്ട്.

Top