മന്‍മോഹന്‍ സിംഗ് തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്കില്ല

ചെന്നൈ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കില്ല. സഖ്യകക്ഷിയായ ഡിഎംകെ രാജ്യസഭാ സീറ്റ് നല്‍കാത്തതിനാലാണ് രാജ്യസഭയിലേ്ക്ക് തമിഴ്‌നാട്ടില്‍ നിന്ന് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി ഇല്ലാത്തത്.

മന്‍മോഹന്‍ സിംഗിന് സീറ്റ് നല്‍കേണ്ടതില്ലെന്ന് ഡിഎംകെ തീരുമാനിച്ചതിന് കാരണം രാജ്യസഭാ സീറ്റ് ഹൈക്കമാന്‍ഡ് ആവശ്യപ്പെടാത്തതിനാലാണ് എന്നാണ് റിപ്പോര്‍ട്ട്.

തമിഴ്‌നാട്ടില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലും ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.ഇതോടെയാണ്‌ തമിഴ്‌നാട്ടില്‍ നിന്ന് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളില്ലെന്ന് ഉറപ്പായത്. എംഡിഎംകെ നേതാവ് വൈക്കോ, ഡിഎംകെ അനുഭാവിയും മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലുമായ പി വില്‍സണ്‍, ഡിഎംകെ നേതാവ് എം ഷണ്‍മുഖം എന്നിവരെയാണ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് തമിഴ്‌നാട് നേതൃത്വം നേരത്തെ, മന്‍മോഹന്‍സിംഗിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹൈക്കമാന്‍ഡ് നേരിട്ട് ആവശ്യപ്പെടാത്തതിനാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവേണ്ട എന്ന് മുതിര്‍ന്ന ഡിഎംകെ നേതാക്കള്‍ എം.കെ.സ്റ്റാലിന് നിര്‍ദേശം നല്‍കിയതായാണ് വിവരം. ഇതനുസരിച്ചാണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്.

Top