പഞ്ചാബിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സമിതി; നയിക്കുന്നത് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്

ചണ്ഡീഗഢ്: കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പഞ്ചാബ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നയിക്കും.

വിശദ പദ്ധതി തയ്യാറാക്കുന്നതിനുള്ള സമതിയുടെ ചുമതല ഏറ്റെടുക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ഥന മന്‍മോഹന്‍ സിംഗ് സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്. ആസൂത്രണ കമ്മീഷന്‍ മുന്‍ ഉപാധ്യക്ഷന്‍ മൊണ്ടേഗ് സിംഗ് അലുവാലിയ അധ്യക്ഷനായ 20 അംഗ സമിതിയാണ് വിശദമായ റിപ്പോര്‍ട്ട് നല്‍കാനുള്ള ചുമതല. ഈ സമിതിയുടെ മേല്‍നോട്ടച്ചുമതലയാണ് മന്‍മോഹന്‍ സിംഗ് നിര്‍വഹിക്കുക.

കാര്‍ഷിക, വ്യാവയാസിക മേഖലയിലെ വിദഗ്ധരെ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ 31നകം ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പിന്നീട് സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് ഭീതിക്ക് ശേഷം സംസ്ഥാനത്തിന്റെ വളര്‍ച്ച ഉറപ്പാക്കുകയും ഏതൊക്കെ രംഗത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് മനസ്സിലാക്കാനുമാണ് ഏപ്രില്‍ 25ന് വിദഗ്ധ സമിതിയെ നിയോഗിച്ചത്.

Top