കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മന്‍മോഹന്‍ വരണമെന്ന് സര്‍വ്വേ

manmohan-singh

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഗാന്ധി കുടുംബത്തിന് സാധിക്കില്ലെന്ന് സര്‍വ്വേ. പകരം മന്‍മോഹന്‍ സിംഗ് വരണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്. എങ്കിലും ബിജെപിക്കും മോദി സര്‍ക്കാരിനും വലിയ ജനപ്രീതി തന്നെയാണ് സര്‍വ്വേ ഉറപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനൊപ്പമാണ് സര്‍വ്വേ ഫലം. പ്രമുഖ ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച് സര്‍വ്വേ നടത്തിയത്.

ഗാന്ധി കുടുംബത്തെ സര്‍വേയില്‍ പലരും തള്ളിക്കളഞ്ഞു. 16 ശതമാനം പേര്‍ മന്‍മോഹന്‍ സിംഗാണ് കോണ്‍ഗ്രസിന് പറ്റിയ നേതാവെന്ന് അഭിപ്രായപ്പെടുന്നു. ചരിത്രത്തിലാദ്യമായി ഗാന്ധി കുടുംബത്തേക്കാള്‍ കൂടുതല്‍ വോട്ട് മന്‍മോഹന് ലഭിച്ചു. സോണിയാ ഗാന്ധിയേക്കാളും പ്രിയങ്കയേക്കാളും പിന്തുണ സച്ചിന്‍ പൈലറ്റാണ് നേടിയിരിക്കുന്നത്.

നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്ന് സര്‍വേയില്‍ അടിവരയിടുന്നു. സര്‍ക്കാര്‍ സമ്പദ് ഘടനയെ കൊണ്ടുപോയ രീതിയില്‍ 87 ശതമാനവും പിന്തുണച്ചു. ഇന്ത്യന്‍ വിപണി ഏറ്റവും പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ കരുത്ത് കാണിച്ചിരിക്കുന്നത്. 22 ശതമാനം പേര്‍ സര്‍ക്കാര്‍ സമ്പദ് ഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ മികച്ചതാണെന്ന് പറഞ്ഞപ്പോള്‍ 46 ശതമാനം പേര്‍ നല്ലതാണെന്നും, 21 ശതമാനം പേര്‍ ശരാശരിയാണെന്നും അഭിപ്രായപ്പെട്ടു. നേരത്തെ ഇത് 93 ശതമാനമായിരുന്നു. അതില്‍ ചെറിയ ഇടിവ് വന്നിട്ടുണ്ട്.

കര്‍ഷക പ്രക്ഷോഭത്തിലും സര്‍ക്കാരിന് അനുകൂലമായ പ്രതികരണമാണ് സര്‍വേയില്‍ ലഭിച്ചിരിക്കുന്നത്. 80 ശതമാനം പേരും സര്‍ക്കാര്‍ നല്ല രീതിയില്‍ തന്നെ ഇതിനെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാല്‍ ബിജെപിയെ നയിക്കാന്‍ ആര് വരണമെന്ന ചോദ്യവും സര്‍വേയിലുണ്ടായിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേരാണ് ഉയര്‍ന്ന് വന്നത്. 30 ശതമാനം പേരും അമിത് ഷായുടെ പേരാണ് നിര്‍ദേശിച്ചത്. സര്‍വേയില്‍ ലവ് ജിഹാദ് ഉണ്ടെന്ന വാദത്തെ 54 ശതമാനം പേരാണ് പിന്തുണച്ചത്. ഹിന്ദു സ്ത്രീകളെ ഇസ്ലാമിലേക്ക് മതം മാറ്റാനുള്ള ഗൂഢാലോചനയുണ്ടെന്ന് 54 ശതമാനം പേര്‍ വിശ്വസിക്കുന്നുണ്ട്.

Top