രാജ്യസഭയിലെ കസേര നില നിര്‍ത്താന്‍ മന്‍മോഹന്‍ സിംഗിനു ഡി.എം.കെ വേണം !

മുന്‍ പ്രധാനമന്ത്രിയെ രാജ്യസഭയിലേക്കെത്തിക്കാന്‍ ഘടകകക്ഷിയുടെ കാലുപിടിക്കേണ്ട ഗതികേടിലാണിപ്പോള്‍ കോണ്‍ഗ്രസ്. വാജ്പേയി സര്‍ക്കാരിനെ ഇറക്കി രണ്ടു തവണ യു.പി.എ സര്‍ക്കാരിന് നേതൃത്വം നല്‍കിയ മന്‍മോഹന്‍ സിംഗിനെ സ്വന്തം വോട്ടില്‍ രാജ്യസഭയിലെത്തിക്കാന്‍ കഴിയാത്ത ദുരവസ്ഥയാണ് കോണ്‍ഗ്രസ് നേരിടുന്നത്.

തമിഴ്നാട്ടിലെ സഖ്യകക്ഷിയായ ഡി.എം.കെയുടെ വോട്ടിന്റെ ബലത്തില്‍ മന്‍മോഹനെ രാജ്യസഭയിലെത്തിക്കാനാണ് ഇപ്പോഴത്തെ നീക്കം. 2ജി സ്പെക്ട്രം അഴിമതിയില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന് അന്ത്യം കുറിച്ച ഡി.എം.കെയ്ക്കാണ് മന്‍മോഹനെ രാജ്യസഭയിലെത്തിക്കാനുള്ള ചരിത്ര നിയോഗമെന്നതാണ് ഏറെ കൗതുകം. അസമില്‍ നിന്നുള്ള രാജ്യസഭാംഗമായ മന്‍മോഹന്റെ കാലാവധി വെള്ളിയാഴ്ചയോടെ തീരും. 43 പേരുടെ പിന്തുണ വേണമെന്നിരിക്കേ 25 എംഎല്‍എമാരെ ഇവിടെ നിയമസഭയിലുള്ളൂ.

തമിഴ്നാട്ടില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം മന്‍മോഹന്‍ സിംഗിനായി വിട്ടുനല്‍കാന്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ സദ്ധത അറിയിച്ചിട്ടുണ്ട്. മന്‍മോഹന്‍ സിംഗിനായി രാജ്യസഭ സീറ്റെന്ന ആവശ്യം കോണ്‍ഗ്രസ് തമിഴ്നാട് ഘടകമാണ് ആദ്യം ഉന്നയിച്ചത്. തമിഴ്നാട്ടില്‍ ഒഴിവു വരുന്ന ആറ് സീറ്റുകളില്‍ മൂന്നെണ്ണമാണ് ഡിഎംകെ സഖ്യത്തിന് ലഭിക്കുക. ഒരു സീറ്റ് എം.ഡി.എം.കെയുടെ വൈക്കോയ്ക്ക് നല്‍കുമെന്ന് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള രണ്ട് സീറ്റും ഡി.എം.കെ എടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ രാജ്യസഭയിലെത്തിക്കാന്‍ ഡി.എം.കെ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു.

1.76 ലക്ഷം കോടി രൂപയുടെ 2ജി സ്പെക്ട്രം അഴിമതിയാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ത്തത്. 2014ല്‍ യു.പി.എയുടെ പതനത്തിനും പ്രധാനമന്ത്രി പദം നരേന്ദ്രമോദിക്ക് ലഭിക്കാനും ഇത് കാരണമായി. 2ജി സ്പെക്ട്രം അഴിമതിയില്‍ ടെലികോം മന്ത്രി എ. രാജയെയും കരുണാനിധിയുടെ മകള്‍ കനിമൊഴിയെയും സി.ബി.ഐ അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലിലടച്ചിരുന്നു. കനിമൊഴിയെ ജയില്‍ മോചിതയാക്കാന്‍ കലൈഞ്ജര്‍ കരുണാനിധി ഡല്‍ഹിയിലെത്തി മന്‍മോഹന്‍ സിംഗിനെയടക്കം കണ്ട് ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. കനിമൊഴിയെ ജയിലിലടച്ചതില്‍ കരുണാനിധി കോണ്‍ഗ്രസുമായി ശക്തമായി ഇടഞ്ഞിരുന്നു.

ടു.ജി സ്‌പെക്ട്രം കേസ് ഇപ്പോഴും ഡി.എം.കെ നേതാക്കളുടെ തലക്ക് മുകളില്‍ വാളായി തന്നെ നില്‍ക്കുകയാണ്. സി.ബി.ഐ പ്രത്യേക കോടതി പ്രതികളായ എ.രാജയും കനിമൊഴി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയെങ്കിലും സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും നല്‍കിയ അപ്പീല്‍ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയില്‍ തന്നെയാണ്. ഈ കേന്ദ്ര ഏജന്‍സികള്‍ക്ക് ഇനിയും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് സുപ്രീം കോടതി വരെ നിയമയുദ്ധം നടത്താന്‍ പറ്റും. കേന്ദ്രത്തില്‍ എന്‍.ഡി.എ സര്‍ക്കാരാണ് വരുന്നതെങ്കില്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും സാധ്യതയുണ്ടാകില്ല.

കരുണാനിധിയുടെ മകളായ കനിമൊഴിയെയും മുന്‍ കേന്ദ്രമന്ത്രിയായ എ രാജയെയും സമ്മര്‍ദ്ദത്തിലാക്കുന്ന ഘടകമാണ് ഇതെന്നാണ് രാഷ്ട്രീയ നിരക്ഷകരും വിലയിരുത്തുന്നത്. ഇരുവര്‍ക്കും പുറമെ റിലയന്‍സ് ഉള്‍പ്പെടെയുള്ള 14 വന്‍കിട സ്വകാര്യ ടെലികോം കമ്പനികളും പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു. തെളിവുകള്‍ മുന്നോട്ട് വയ്ക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നത്.

അമേരിക്കയിലെ വാട്ടര്‍ഗേറ്റിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ അഴിമതി കേസായാണ് ടൈം മാഗസിന്‍ ടു ജി കേസിനെ വിശേഷിപ്പിച്ചിരുന്നത്. 122 ടു ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ 1.76 ലക്ഷം കോടിയുടെ ക്രമക്കേടാണ് സി.എ.ജി കണ്ടെത്തിയിരുന്നത്. 30,988 കോടിയുടെ നഷ്ടം ഖജനാവിന് ഉണ്ടാക്കി എന്ന് സി.ബി.ഐ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

4,400 പേജുകളുള്ള കുറ്റപത്രവും 200-ല്‍ അധികം സാക്ഷിമൊഴികളും സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് പക്ഷെ ഒന്നും തെളിയിക്കാനായിരുന്നില്ല. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, തുടങ്ങിയവയായിരുന്നു മുന്‍ ടെലികോം മന്ത്രി കൂടിയായ രാജക്കും കനിമൊഴിക്കുമെതിരെ ചുമത്തപ്പെട്ട കുറ്റം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളും വിചാരണ നേരിടേണ്ടി വന്നിരുന്നു. ഒരു വര്‍ഷത്തോളമാണ് ഈ കേസില്‍ രാജക്ക് ജയിലില്‍ കിടക്കേണ്ടി വന്നിരുന്നത്.

2ജി എഫക്റ്റാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുണാനിധി സര്‍ക്കാരിന്റെ പതനത്തിനും പ്രധാന കാരണമായിരുന്നത്. ഇതോടെ നിലനില്‍പ്പിനായി ഇടഞ്ഞ കോണ്‍ഗ്രസുമായി തന്നെ സഖ്യം തുടരാന്‍ ഡി.എം.കെ നിര്‍ബന്ധിതരായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ് എന്നിവരെല്ലാം ഒറ്റക്കെട്ടായാണ് മത്സരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആദ്യം ഉയര്‍ത്തികാട്ടിയ നേതാവും സ്റ്റാലിനായിരുന്നു.

ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുമായി സഖ്യമായിട്ടും ബി.ജെ.പിക്ക് ഒറ്റ സീറ്റിലും വിജയിക്കാനാവാത്ത സംസ്ഥാനമാണ് തമിഴ്നാട്. സഖ്യത്തില്‍ മത്സരിച്ച അഞ്ച് സീറ്റുകളിലും ബി.ജെ.പി പരാജയപ്പെടുകയായിരുന്നു. കന്യാകുമാരിയില്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനടക്കം ദയനീയമായി പരാജയപ്പെട്ടു. വെല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് മത്സരം നടന്ന 38 ലോക്സഭാമണ്ഡലത്തില്‍ 37ലും ഡി.എം.കെ സഖ്യമാണ് വിജയിച്ചത്. മത്സരിച്ച 23 സീറ്റിലും ഡി.എം.കെ വിജയിച്ചപ്പോള്‍ മത്സരിച്ച ഒമ്പത് സീറ്റുകളില്‍ എട്ടിലും വിജയിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. ബംഗാളിലും ത്രിപുരയിലും ഒറ്റ സീറ്റുപോലും ലഭിക്കാതിരുന്ന സി.പി.എമ്മിനും സി.പി.ഐക്കും രണ്ടു സീറ്റു വീതം ലഭിച്ചത് തമിഴ്നാട്ടിലെ ഡി.എം.കെ- കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നാണ്. മുസ്ലിം ലീഗിനും ഇവിടെ നിന്നും ഒരു സീറ്റു ലഭിച്ചു.

അമേഠിയില്‍ പരാജയപ്പെട്ടതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെ വയനാട് മണ്ഡലത്തിലെ എം.പിയാണ്. മന്‍മോഹന്‍ തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്കെത്തുന്നതോടെ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളെ പാര്‍ലമെന്റിലേക്കെത്തിച്ചത് ദക്ഷിണേന്ത്യയാണെന്ന പ്രത്യേകത കൂടി ഇനിയുണ്ടാകും.

Political Reporter

Top