മോദി സര്‍ക്കാര്‍ എല്ലാ അതിരുകളും ലംഘിച്ചു; പുറത്താക്കാന്‍ സമയമായെന്ന് മന്‍മോഹന്‍ സിങ്

manmohan-singh

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ എല്ലാ അതിരുകളും ലംഘിച്ചെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ബന്ദുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഐക്യവും സമാധാനവും സംരക്ഷിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചു നില്‍ക്കണം. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങളെ നാം അവഗണിക്കണം. അധികാരം കൈയടക്കിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ലെന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കി. കര്‍ഷകരെ മോദി നിരന്തരം വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

21 പ്രതിപക്ഷ പാര്‍ട്ടികളാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഭാരത് ബന്ദില്‍ പങ്കെടുത്തത്. ഡല്‍ഹിയിലെ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കി. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം പ്രകടമാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.

Top