മഞ്ജുവിന് വിനയായത് ബി.ജെ.പി വേദിയിലെ നൃത്തവും ? പേര് ഉന്നയിച്ചയാളും വെട്ടിലായി

manju warrior

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നടി മഞ്ജുവാര്യരുടെ പേര് ഉന്നയിച്ച നേതാവിനെ നിര്‍ത്തി ‘പൊരിച്ച് ‘ നേതാക്കള്‍. മഞ്ജു വാര്യര്‍ സ്ഥാനാര്‍ത്ഥിയായാല്‍ ഗുണം ചെയ്യുമെന്ന ജില്ലയിലെ പ്രമുഖ നേതാവിന്റെ അഭിപ്രായ പകടനത്തിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നതായാണ് ലഭിക്കുന്ന സൂചന.

മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു ജില്ലയിലെ ഒരു മന്ത്രിയുമായി ഏറെ അടുപ്പം പുലര്‍ത്തി വരുന്ന നേതാവ് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്.

പാര്‍ട്ടി ഒരു ഘട്ടത്തിലും ആലോചിക്കുക പോലും ചെയ്യാത്ത കാര്യം ചര്‍ച്ച ചെയ്ത് വെറുതെ സമയം കളയണ്ടെന്ന് മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയതോടെയാണ് ബി.ജെ.പി ദേശീയ സമ്മേളന വേദിയില്‍ മഞ്ജു നൃത്തം ചവിട്ടിയ കാര്യവും ചര്‍ച്ചയായത്. തുടര്‍ന്ന് മഞ്ജുവിനെതിരെ ശക്തമായ വിമര്‍ശനവും ഉണ്ടായി.

മാധ്യമങ്ങള്‍ മഞ്ജു വാര്യരെ മുന്‍ നിര്‍ത്തി നടത്തുന്ന ‘ചര്‍ച്ചകള്‍’ അവസാനിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുന്‍ നിര്‍ത്തിയാണ് ആ പേര് പരിഗണിക്കുന്നില്ലന്ന് പരസ്യമായി പറയാന്‍ സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ തന്നെ നിര്‍ബന്ധിതനായത്. പാര്‍ട്ടി പ്രവര്‍ത്തകരെ തന്നെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.എം ചെങ്ങന്നൂര്‍ ഏരിയ നേതൃത്വവുമായി ആലോചിച്ച് ജില്ലാ കമ്മറ്റി സംസ്ഥാന സെക്രട്ടറിയേറ്റിനു മുന്നില്‍ സമര്‍പ്പിക്കുന്ന പേരുകളില്‍ അന്തിമ തീരുമാനം സംസ്ഥാന ഘടകത്തിന്റേത് തന്നെയാകും.

പിണറായി സര്‍ക്കാറിന്റെ യഥാര്‍ത്ഥ വിലയിരുത്തലായി കണക്കാക്കപ്പെടുന്ന വിധിയെഴുത്തായതിനാല്‍ സി.പി.എം പ്രവര്‍ത്തകര്‍ ജാഗ്രതയോടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ നോക്കിക്കാണുന്നത്.

ഇവിടെ പരാജയപ്പെട്ടാല്‍ അത് പ്രതിപക്ഷത്തിന് വലിയ ഊര്‍ജജമാകും എന്നതിനാല്‍ മികച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാണ് നീക്കം. കോണ്‍ഗ്രസ്സില്‍ മുന്‍ എം.എല്‍.എ പി.സി.വിഷ്ണുനാഥിന്റെ പേരിനാണ് മുന്‍തൂക്കം. എം.മുരളിയും പരിഗണനയിലുണ്ട്.

ബി.ജെ.പി പ്രഥമ പരിഗണന നല്‍കുന്നത് കഴിഞ്ഞ തവണ വലിയ മുന്നേറ്റം നടത്തിയ അഡ്വ.ശ്രീധരന്‍ പിള്ളക്ക് തന്നെയാണ്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് പരിഗണനയിലുള്ള മറ്റൊരാള്‍. ആര്‍.എസ്.എസ് നിലപാടും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവും.

കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടുകള്‍

ആകെ പോള്‍ ചെയ്തത് : 145,363

കെ.കെ രാമചന്ദ്രന്‍ സിപിഐ(എം) 52,880

പിസി വിഷ്ണുനാഥ് (കോണ്‍ഗ്രസ്) 44,897

പി.എസ് ശീധരന്‍ പിള്ള (ബിജെപി) 42,682

അലക്‌സ് (ബിഎസ്പി) 483

ശോഭന ജോര്‍ജ് (സ്വതന്ത്ര) 3966

ഇ.ടി ശശി (സ്വതന്ത്രന്‍) 247

റിപ്പോര്‍ട്ട്: എം വിനോദ്

Top