മലയാള സിനിമയുടെ ‘എല്ലാ സീനുകളും’ മാറ്റി കൊണ്ട്, റെക്കോര്‍ഡുകളും തിരുത്തി കൊണ്ട് മഞ്ഞുമ്മല്‍ ബോയ്‌സ് ജൈത്രയാത്ര തുടരുകയാണ്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിദംബരം ഒരുക്കിയ സിനിമ പല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും നേടിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമാ ചരിത്രത്തിലെ വലിയൊരു റെക്കോഡ് മഞ്ഞുമ്മല്‍ നേടിയിരിക്കുന്നു.മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്നാട് ബോക്‌സോഫീസില്‍ 50 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്. 24 ദിവസം കൊണ്ടാണ് ചിത്രം തമിഴ്നാട്ടില്‍ നിന്ന് 50 കോടി രൂപ കളക്ട് ചെയ്തത്. ആദ്യമായാണ് ഒരു മലയാള സിനിമ തമിഴ്നാട്ടില്‍ നിന്ന് 50 കോടി നേടുന്നത്.
ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ ആഗോളതലത്തില്‍ 180 കോടിയോളം രൂപയാണ് നേടിയിരിക്കുന്നത്. കൊച്ചിയില്‍ നിന്ന് ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.ചിദംബരമാണ് സിനിമയുടെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
തമിഴ്നാട്ടില്‍ മാത്രമല്ല കര്‍ണാടകയിലും സിനിമ ഒരു നാഴികക്കല്ല് പിന്നിട്ടിരുന്നു. റിലീസ് ചെയ്തു 23 ദിവസം പിന്നിട്ടപ്പോഴേക്കും സിനിമ കര്‍ണാടകയില്‍ നിന്ന് 10 കോടി രൂപ കളക്ട് ചെയ്തിരുന്നു. കര്‍ണാടകയില്‍ നിന്ന് 10 കോടിയിലധികം രൂപ നേടുന്ന ആദ്യ മലയാളം സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.ഇതോടെ 2024ല്‍ തമിഴ്നാട് ബോക്‌സോഫീസില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടുന്ന സിനിമകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 54 കോടി കളക്ഷനുമായി ശിവകാര്‍ത്തികേയന്‍ നായകനായ അയലാനാണ് പട്ടികയില്‍ ഒന്നാമത്.