ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ല; ഇലക്ഷനില്‍ മത്സരിക്കാനും ഉദ്ദേശിച്ചിട്ടില്ലെന്ന് മഞ്ജു വാര്യര്‍

കൊച്ചി: രാഷ്ട്രീയത്തിലിറങ്ങാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് വെളിപ്പെടുത്തി നടി മഞ്ജു വാര്യര്‍. താരം കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മറുപടിയുമായി മഞ്ജു തന്നെ രംഗത്തെത്തിയിരിക്കുന്നത്. വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്നും തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമോ വിധേയത്വമോ ഇല്ലെന്നും മഞ്ജു വ്യക്തമാക്കി.

മഞ്ജു വാര്യര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തി, കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മഞ്ജു ആഗ്രഹം പ്രകടിപ്പിച്ചു, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണ രംഗത്ത് സജീവ സാന്നിധ്യമായി മഞ്ജു ഉണ്ടാകും തുടങ്ങിയ രീതിയിലായിരുന്നു വ്യാജ പ്രചാരണങ്ങള്‍.

അടിസ്ഥാനരഹിതമായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും, വാര്‍ത്തകള്‍ താന്‍ ഇതുവരെ കണ്ടില്ലെന്നും വാര്‍ത്ത പ്രചരിക്കുന്നതായി സുഹൃത്തുക്കള്‍ വഴി അറിയുക മാത്രമാണ് ചെയ്തതെന്നും മഞ്ജു പറഞ്ഞു. പ്രമുഖ വാര്‍ത്താ ചാനലാണ് വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിച്ചത്. കുഞ്ഞാലി മരയ്ക്കാര്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും, മഞ്ജു വാര്യര്‍ പറഞ്ഞു.

Top