മഞ്ജുവിന് വേണ്ടി കേന്ദ്ര മന്ത്രിയെയും എം.പിയെയും ബന്ധപ്പെട്ടത് ദിലീപ്

ന്യൂഡല്‍ഹി: പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജുവാര്യരെയും സംഘത്തെയും രക്ഷിക്കാന്‍ സജീവമായി ഇടപെട്ടത് നടന്‍ ദിലീപ്. മഞ്ജുവിന്റെ മുന്‍ ഭര്‍ത്താവ് കൂടിയായ ദിലീപാണ് വിഷയത്തില്‍ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് കേന്ദ്രമന്ത്രി വി.മുരളീധരനെയും ഹൈബി ഈഡന്‍ എം.പിയെയും സമീപിച്ചത്. ഇരുവരും ആത്മാര്‍ത്ഥമായി തന്നെ ഇടപെടുകയും ചെയ്തു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഉദ്യാഗസ്ഥരുമായും ദിലീപ് ഫോണില്‍ സംസാരിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് എതിര്‍പക്ഷത്ത് നിലയുറപ്പിച്ചിരുന്ന മഞ്ജുവിന് ആപത്ത് കാലത്ത് രക്ഷകനായതിപ്പോള്‍ ദിലീപിന്റെ ഇടപെടലാണ്. വിഷയം കേന്ദ്ര മന്ത്രി മുരളീധരന്‍ ഹിമാചല്‍പ്രദേശ് ഡി.ജി.പിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് മഞ്ജുവിനെയും സംഘത്തെയും സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാന്‍ നടപടിയുണ്ടായത്.

മഞ്ജു വാര്യരും സംഘവും സുരക്ഷിതരെന്ന് ഹിമാചല്‍ പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ. സമ്പത്തും ഇക്കാര്യം സ്ഥിരീകരിച്ചു. മഞ്ജുവിനെയും സംഘത്തെയും മണാലിയില്‍ എത്തിക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു. മഞ്ജുവിനെയും സംഘത്തെയും മണാലിയിലെ കോക്ചാര്‍ ബേസ് ക്യാംപില്‍ എത്തിക്കും. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കിയിട്ടുണ്ട്.

ദിലീപ് മഞ്ജുവിനായി വിളിച്ച കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി ഈഡന്‍ പുറത്തു വിട്ടിരുന്നത്.

ഹൈബി ഈഡന്റെ ഫെസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ

മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തില്‍ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരന്‍ മധു വാര്യരുമായി സാറ്റലൈറ്റ് ഫോണ്‍ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാന്‍ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.

നടന്‍ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലില്‍ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ ‘കയറ്റം’ സിനിമ ചിത്രീകരണത്തിനായി ഹിമാചലിലെ ഛത്രുവിലെത്തിയതായിരുന്നു മഞ്ജു വാര്യര്‍ അടക്കമുളള സംഘം. കനത്ത മഴയെ തുടര്‍ന്ന് സംഘം അവിടെ കുടുങ്ങുകയായിരുന്നു. മഴയും മണ്ണിടിച്ചിലും മൂലം സംഘത്തിന് യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മഞ്ജുവും സനല്‍ കുമാര്‍ ശശിധരനും അടക്കം സംഘത്തില്‍ 30 പേരാണുളളത്.

മൂന്നാഴ്ച മുന്‍പാണ് സിനിമാ ചിത്രീകരണത്തിനായി സംഘം ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ എത്തിയത്. ഹിമാലയന്‍ താഴ്വരയിലെ ഒറ്റപ്പെട്ട പ്രദേശമാണിത്. മണാലിയില്‍നിന്നും 100 കിലോമീറ്റര്‍ അകലെയാണ് ഛത്രു. രണ്ടാഴ്ചയായി ഇവിടെ ശക്തമായ മഴയാണ് ലഭിക്കുന്നത്.

‘ചോല’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കയറ്റം’. ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സനല്‍കുമാര്‍ ശശിധരന്‍ തന്നെ സംവിധാനം ചെയ്ത ‘എസ്.ദുര്‍ഗ’ എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Top