“വെട്രിമാരന്റെ നായികാ കഥാപാത്രങ്ങളെല്ലാം ശക്തരാണ്”; അസുരന്റെ വിശേഷങ്ങള്‍ പങ്കുവച്ച് മഞ്ജു വാര്യര്‍

ഞ്ജു വാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് അസുരന്‍. ധനുഷ്- വെട്രിമാരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അണിയറ വിശേഷങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് ആരാധകര്‍ നല്‍കി വരുന്നത്.

ഇപ്പോള്‍ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മഞ്ജു നല്‍കിയ അഭിമുഖത്തിന്റെ വീഡിയോയാണ് തമിഴ് ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. അഭിമുഖത്തില്‍ മേക്കപ്പ് പോലുമില്ലാതെയാണ് മഞ്ജു വാര്യര്‍ എത്തിയിരിക്കുന്നത്. മഞ്ജു വാരിയരുടെ ഈ എളിമയാണ് തങ്ങളെ ആകര്‍ഷിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

‘ഇതിനു മുമ്പ് ഒരുപാട് അവസരങ്ങള്‍ തമിഴില്‍ വന്നിരുന്നു. ചില കാരണങ്ങളാല്‍ അത് ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് ആ സിനിമകള്‍ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു. ധനുഷുമായി വര്‍ഷങ്ങളുടെ പരിചയമുണ്ട്. ഇതിനു മുമ്പും ഞങ്ങള്‍ ചില പ്രോജക്ട് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. അസുരന്റെ കാര്യം ധനുഷ് തന്നെയാണ് എന്നോട് പറയുന്നത്. വെട്രിമാരന്‍ ചിത്രമാണെന്ന് കേട്ടതോടെ ആകാംക്ഷ വര്‍ധിച്ചു. വെട്രിമാരന്‍ വളരെക്കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് ചെയ്തിട്ടുള്ളത്. അതെല്ലാം ഗംഭീരം. മാത്രമല്ല അദ്ദേഹത്തിന്റെ സിനിമകളിലെ നായികാകഥാപാത്രങ്ങളെല്ലാം ശക്തരാണ്. അതൊക്കെയാണ് ഈ ചിത്രത്തിലേയ്ക്ക് ആകര്‍ഷിച്ചത്’ എന്നാണ് അസുരനെ കുറിച്ച് മഞ്ജു വീഡിയോയില്‍ പറയുന്നത്.

Top