മഞ്ജു വാര്യർക്ക് എന്താ കൊമ്പുണ്ടോ ? നീതി എല്ലാവർക്കും തുല്യമായി നടപ്പാക്കണം

സംവിധായകൻ സനൽ കുമാർ ശശിധരനെ തിരുവനന്തപുരത്തു പോയി ബലമായി കസ്റ്റഡിയിലെടുത്ത കൊച്ചി പൊലീസിന്റെ നടപടി അമ്പരപ്പിക്കുന്നതാണ്. മഞ്ജു വാര്യരുടെ ആരോപണം എന്തു തന്നെ ആയാലും അവരുടെ ജീവനു ഭീഷണി കൂടെ ഉള്ളവരിൽ നിന്നു തന്നെ ഉണ്ടെന്നു ചൂണ്ടിക്കാട്ടി സനൽകുമാർ ശശിധരൻ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട ശേഷമാണ് മഞ്ജു പരാതി നൽകിയിരിക്കുന്നത്. അതു കൊണ്ടു തന്നെ ഈ പരാതിക്കു പിന്നിൽ ബാഹ്യസമ്മർദ്ദമുണ്ടോ എന്ന സംശയവും സ്വാഭാവികമാണ്.

സംവിധായകനിൽ നിന്നുള്ള നിരന്തരമായ ശല്യം സഹിക്കവയ്യാതെയാണ് മഞ്ജു കമ്മീഷണർ ഓഫീസിൽ പരാതി നൽകിയതെങ്കിൽ, അത് മുൻപേ തന്നെ ചെയ്യാമായിരുന്നു. അതിന് സനൽകുമാർ ശശിധരൻ ഫെയ്സ് ബുക്കിൽ പോസ്റ്റിടുന്നത് വരെ ക്ഷമിച്ചിരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. മഞ്ജു വാര്യരുടെ ഒപ്പം പ്രവർത്തിക്കുന്ന ആളുകൾക്കെതിരെയാണ് പ്രധാനമായും സനൽ കുമാർ ശശിധരൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നതെന്നതും ശ്രദ്ധേയമാണ്. ഇതിൽ എവിടെയും മഞ്ജു വാര്യർക്കെതിരെ ഭീഷണിയോ മോശം പരാമർശമോ അല്ല, ഒപ്പമുള്ളവർ മഞ്ജുവിനെ അപകടത്തിലാക്കുമെന്ന ആശങ്കയാണ് സംവിധായകൻ പ്രകടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തിലെ യാഥാർത്ഥ്യം എന്തു എന്നത്, പൊലീസാണ് ഇനി കണ്ടെത്തേണ്ടത്. സനൽ ശശിധരന്റെ മാത്രമല്ല, മഞ്ജുവിന്റെ ഒപ്പമുള്ളവരുടെയും മൊബൈൽ ഫോണുകൾ ഉൾപ്പെടെ പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഏകപക്ഷീയമായ നടപടി ഇക്കാര്യത്തിൽ ഉണ്ടാവാൻ പാടില്ല. അത് പൊലീസ് ഉന്നതർ ഉറപ്പു വരുത്തേണ്ടതുണ്ട്.

ഫെയ്സ് ബുക്കിൽ പറയുന്ന അഭിപ്രായത്തിനും, ഇടുന്ന പോസ്റ്റുകൾക്കും എതിരെ കൊച്ചി പൊലീസിൽ ഉൾപ്പെടെ, സംസ്ഥാനത്ത് നിരവധി പേരുടെ പരാതികൾ നിലവിലുണ്ട്. ഇതിൽ അതീവ ഗുരുതര സ്വഭാവമുള്ള വ്യക്തിഹത്യ കേസുകൾ ഉണ്ടായിട്ടും ഒരു നടപടിയും സ്വീകരിക്കാത്തവരാണ് ഇപ്പോൾ മഞ്ജുവിന്റെ പരാതിയിൽ ഈ ‘സാഹസം’ കാട്ടിയിരിക്കുന്നത്. മറ്റുള്ളവർ സെലിബ്രിറ്റികൾ അല്ലാത്തതിനാലാണോ ഈ ഇരട്ട നീതി നടപ്പാക്കുന്നത് എന്ന ചോദ്യം സമൂഹ മാധ്യമങ്ങളിലും ഉയർന്നു കഴിഞ്ഞു.

സനൽ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് പ്രശ്ങ്ങളുടെ തുടക്കമെന്നാണ് മഞ്ജു വാര്യരുമായ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന എന്നാണ് കേരള കൗമുദി ഓൺലൈൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലൊക്കേഷനിൽ മഞ്ജു വാര്യരോട് തോന്നിയ പ്രണയം സംവിധായകൻ തുറന്നു പറഞ്ഞിരുന്നു എന്നും, ഇത്രയും താര പരിവേഷമുള്ള ഒരു നടിയോട് സാധാരണ എല്ലാവർക്കും തോന്നുന്ന ഒരു ഇഷ്ടം എന്നതിൽ അപ്പുറം മഞ്ജുവും കൂടെയുള്ളവരും അത് കാര്യമായി എടുത്തിരുന്നില്ല എന്നുമാണ് ആ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അതിനു ശേഷമാണ് കാര്യങ്ങളുടെ ഗതി മാറി മറിഞ്ഞതെന്നും, നിരന്തരമായ പ്രണയാഭ്യർത്ഥന കൂടി വന്നതോടെ സംവിധായകന്റെ കോളുകൾ പിന്നീട് മഞ്ജു എടുക്കാതെയായെന്നും മഞ്ജു ക്യാംപിനെ ഉദ്ധരിച്ച് കേരള കൗമുദി ഓൺലൈൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

തുടർന്ന് സംവിധായകൻ വാട്‌സാപ്പിൽ മെസേജ് ചെയ്യാൻ ആരംഭിച്ചെന്നും, അവിടെയും ബ്ലോക്ക് ചെയ്തു ഒഴിവാക്കിയ മഞ്ജുവിനെ ഞെട്ടിച്ചു, എസ് എം എസും മെയിലും ചെയ്യാൻ തുടങ്ങിയതായും മാധ്യമ റിപ്പോർട്ടിലുണ്ട്.

മഞ്ജു വാര്യരുടെ അടുത്ത കേന്ദ്രങ്ങളിൽ നിന്ന് അറിയുവാൻ കഴിഞ്ഞത് പ്രകാരം, ടീനേജിൽ നിൽക്കുന്ന കോളേജ് കാമുകൻ തന്റെ കാമുകിയെ വർണ്ണിച്ച കത്തെഴുതുന്നത് പോലെയാണ് സംവിധായകൻ മഞ്ജു വാര്യർക്ക് അയച്ച മെയിലിന്റെ ഉള്ളടക്കമെന്നതാണ് കേരള കൗമുദി പറയുന്നത്.

പിന്തുടരൽ കൂടിയപ്പോൾ മഞ്ജുവും വേണ്ടപ്പെട്ടവരും സനലിനെ നേരിട്ട് വിളിച്ചും മുന്നറിയിപ്പ് നൽകിയിട്ടും കൂട്ടാക്കാതെ പിന്തുടരലും ഫേസ്ബുക്കിൽ പോസ്റ്റുകളും കൂടി കൂടി വന്നപ്പോഴാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതത്രെ. സനൽ കുമാർ ശശിധരൻ തനിക്കയച്ച മെസേജുകളും മെയിലിന്റെയും എല്ലാ സ്‌ക്രീൻഷോട്ടും റെക്കോഡുകളും സഹിതമാണ് മഞ്ജു പരാതി നൽകിയിരിക്കുന്നത്. ഇതിന്റെ മറുവശം അറിയാൻ സനൽ ശശിധരന്റെ മൊബൈലും പരിശോധിക്കുക തന്നെ വേണം.

വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും കിട്ടിയ വിവരം അനുസരിച്ച് മഞ്ജുവിന്റെ ഒപ്പമുള്ളവർ ആണ് മഞ്ജുവിന്റെ ജീവന് ആപത്ത് എന്ന് പറഞ്ഞു പരത്തുന്ന സംവിധായകൻ തന്നെ, പ്രണയം നിരസിച്ചതിന്റെ പേരിൽ അവരെ ആക്രമിക്കുകയും അത് കൂടെയുള്ളവരുടെ പേരിൽ ആരോപിക്കുകയും ചെയ്യുമോ എന്ന ഭയം മഞ്ജുവിനും ഉള്ളത് കൊണ്ടും കൂടിയാണ് പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നാണ് കേരള കൗമുദി ഓൺലൈൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഈ വിവരങ്ങളും പൊലീസ് തീർച്ചയായും അന്വേഷിക്കണം. പ്രണയാഭ്യർത്ഥന നടത്തുന്നത് ക്രൈം ആണെങ്കിൽ, ആളുകളെ ഉൾക്കൊള്ളാൻ ജയിലുകൾ തികയാതെ വരും. ശല്യമാണ് പ്രശ്നമെങ്കിൽ, അതു മഞ്ജു മാത്രമല്ല, നാട്ടിലെ ഒരുപാട് പെൺകുട്ടികൾ അത് നേരിടുന്നുണ്ട്. ഇഷ്ടപ്പെടുന്നവരുടെ പിന്നാലെ നടക്കുന്നത് പുതിയ കാര്യമല്ല. അത് അവഗണിക്കുകയും, പിന്നീടും ശല്യമായാൽ പരാതിപ്പെടുകയാണ് സാധാരണ സ്ത്രീകൾ ചെയ്യാറുള്ളത്. അത്തരം പരാതി കിട്ടിയാൽ പൊലീസ് ബന്ധപ്പെട്ട എതിർകക്ഷിയെ വിളിച്ചു വരുത്തുകയാണ് ആദ്യം ചെയ്യാറുള്ളത്. കൊച്ചി സിറ്റി പൊലീസ് കാണിച്ചതു പോലെ ഇങ്ങനെ തൂക്കി എടുത്ത് കൊണ്ടു വരാറില്ല. ഇതുവരെ പുറത്തു വന്ന വിവര പ്രകാരം, പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു വരേണ്ട ഗൗരവം ഈ കേസിനുണ്ടോ എന്നത് പൊലീസ് ഉന്നതർ വ്യക്തമാക്കണം. ഇതൊരു പീഡന കേസല്ല, ആക്രമിച്ച കേസുമല്ല, പുറത്തു വന്ന വിവര പ്രകാരം ഒരു ശല്യക്കേസ് മാത്രമാണ്. പിന്നെയുള്ളത് നടിയുടെ ആശങ്കയും ഭയവുമാണ്. ഇത്തരത്തിൽ അനവധി ‘ശല്യക്കേസുകൾ’ കേരളത്തിൽ മുൻപും ഉണ്ടായിട്ടുണ്ട്. ഇപ്പാഴും ഉണ്ടായികൊണ്ടിരിക്കുന്നുമുണ്ട്. ആ പരാതികളോട് ഒന്നും സ്വീകരിക്കാത്ത നടപടി മഞ്ജുവിന്റെ പരാതിയിൽ ഉണ്ടായത് എന്തു കൊണ്ടാണ് ? മഞ്ജു വാര്യർക്ക് എന്താ കൊമ്പുണ്ടോ ? അവർക്ക് മാത്രമായി പ്രത്യേക നിയമമുണ്ടോ ? നടി ആയാലും സാധാരണ ഒരു സ്ത്രീ ആയാലും നിയമം ഒരു പോലെയാണ് നടപ്പാക്കേണ്ടത്.അക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതിനു ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് മറുപടി നൽകേണ്ടത്.

EXPRESS KERALA VIEW

 

Top