മഞ്ജുവാര്യരും സംഘവും സുരക്ഷിതര്‍; രണ്ട് ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞാല്‍ നാട്ടിലേക്ക് മടങ്ങും

ഷിംല: പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജുവാര്യരും സംഘവും സുരക്ഷിതരാണെന്നും രണ്ട് ദിവസത്തെ ഷൂട്ടിംഗ് കൂടി കഴിഞ്ഞാല്‍ എല്ലാവരും നാട്ടിലേക്ക് മടങ്ങുമെന്നും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ ‘കയറ്റം’ സിനിമ ചിത്രീകരണത്തിനായി ഹിമാചലിലെ ഛത്രുവിലെത്തിയതായിരുന്നു മഞ്ജു വാര്യര്‍ അടക്കമുളള സംഘം. കനത്ത മഴയെ തുടര്‍ന്ന് സംഘം അവിടെ കുടുങ്ങുകയായിരുന്നു. മഴയും മണ്ണിടിച്ചിലും മൂലം സംഘത്തിന് യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മഞ്ജുവും സനല്‍ കുമാര്‍ ശശിധരനും അടക്കം സംഘത്തില്‍ 30 പേരാണുളളത്.

മൂന്നാഴ്ച മുന്‍പാണ് സിനിമാ ചിത്രീകരണത്തിനായി സംഘം ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ എത്തിയത്. ഹിമാലയന്‍ താഴ്വരയിലെ ഒറ്റപ്പെട്ട പ്രദേശമാണിത്. മണാലിയില്‍നിന്നും 100 കിലോമീറ്റര്‍ അകലെയാണ് ഛത്രു. രണ്ടാഴ്ചയായി ഇവിടെ ശക്തമായ മഴയാണ് ലഭിക്കുന്നത്.

‘ചോല’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കയറ്റം’. ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സനല്‍കുമാര്‍ ശശിധരന്‍ തന്നെ സംവിധാനം ചെയ്ത ‘എസ്.ദുര്‍ഗ’ എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Top