പ്രളയത്തില്‍ കുടുങ്ങിയ മഞ്ജു വാര്യരും സംഘവും സുരക്ഷിതര്‍; സഹായം എത്തിച്ചു

ന്യൂഡല്‍ഹി: പ്രളയത്തില്‍ ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ നടി മഞ്ജു വാരിയരും സംഘവും സുരക്ഷിതരാണെന്ന് ഹിമാചല്‍ പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ. സമ്പത്തും ഇക്കാര്യം സ്ഥിരീകരിച്ചു. മഞ്ജുവിനും സംഘത്തിനും ഭക്ഷണവും വെള്ളം എത്തിച്ചു നല്‍കി. ഹിമാചല്‍ മുഖ്യമന്ത്രിയുമായും പൊലീസ് കമ്മിഷണറുമായും വിഷയം സംസാരിച്ചുവെന്നും സമ്പത്ത് പറഞ്ഞു.

കുടുങ്ങിയവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ യാത്ര തിരിച്ചു. ഏകദേശം. 20 കിലോമീറ്റര്‍ നടന്നു വേണം അവിടെ എത്താന്‍. ഡോക്ടര്‍മാരും രക്ഷാ പ്രവര്‍ത്തസംഘത്തില്‍ ഉണ്ട്. വൈകിട്ടോടെ ഇവരെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കും.

കനത്ത മഴയും മണ്ണിടിച്ചിലും മൂലമാണ് നടി മഞ്ജു വാരിയരും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും അടങ്ങുന്ന സിനിമാ ചിത്രീകരണസംഘ ഹിമാചലില്‍ പ്രളയത്തില്‍ കുടുങ്ങിയത്. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. മഞ്ജു വാരിയര്‍ സഹോദരന്‍ മധു വാരിയരെ ഫോണില്‍ അറിയിച്ചതാണിത്. സനല്‍കുമാര്‍ ശശിധരന്റെ ‘കയറ്റ’മെന്ന സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാഴ്ച മുന്‍പാണ് ഇവര്‍ ഹിമാചലിലെത്തിയത്. ഛത്രു എന്ന സ്ഥലത്താണ് ചിത്രീകരണം.

Top