ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ ഫെഫ്കയ്ക്ക് കത്ത് നല്‍കി

കൊച്ചി: ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യര്‍ സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കത്ത് നല്‍കി. പോലീസ് അന്വേഷണത്തില്‍ ഇടപെടാതെ പരാതി പരിശോധിക്കുമെന്ന് ഫെഫ്ക വ്യക്തമാക്കി. ശ്രീകുമാര്‍ മേനോനെതിരെ അമ്മ സംഘടനയ്ക്കും മഞ്ജു വാര്യര്‍ കത്ത് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു തിങ്കളാഴ്ച ഡിജിപിക്കു പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ ഡിജിപി ലോക്നാഥ് ബഹ്റയെ നേരില്‍ക്കണ്ടാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. തന്നെയും തന്റെ കൂടെ നില്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്നും സിനിമകളില്‍ നിന്ന് ഒഴിവാക്കാനും അപായപ്പെടുത്താനും ശ്രമിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

പിന്നാലെ മഞ്ജു വാര്യക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു. ഗുരുതര ആരോപണങ്ങളാണ് പോസ്റ്റില്‍ അദ്ദേഹം ഉയര്‍ത്തിയത്. മാധ്യമങ്ങളില്‍ നിന്നാണ് പരാതിയെ കുറിച്ചറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കും. എനിക്കും മഞ്ജുവിനും അറിയുന്ന ‘എല്ലാ സത്യങ്ങളും’ അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും പോസ്റ്റില്‍ പറയുന്നു.

Top