manju and amala join new film

മഞ്ജുവാര്യര്‍ക്കൊപ്പമുള്ള ചിത്രത്തിലൂടെ അമല മലയാളത്തിലേക്ക് മടങ്ങിവരുന്നു. ആന്റണി സോണി സംവിധാനം ചെയ്യുന്ന കെയര്‍ ഓഫ് സൈറാബാനു എന്ന സിനിമയിലൂടെയാണ് എന്റെ സൂര്യപുത്രിയിലൂടെ മനംകവര്‍ന്ന താരത്തിന്റെ തിരിച്ചുവരവ്.

ചിത്രത്തില്‍ ആനി ജോണ്‍ തറവാടി എന്ന അഭിഭാഷകയുടെ വേഷമാണ് അമലയ്ക്ക്. മഞ്ജുവാണ് സൈറാബാനു എന്ന പോസ്റ്റ് വുമണിനെ അവതരിപ്പിക്കുന്നത്.

മലയാളം തന്റെ പ്രിയപ്പെട്ട ഭാഷയാണെന്നും ഏറെക്കാലത്തിനുശേഷം അവിടേക്കുള്ള മടങ്ങിവരവ് വല്ലാത്ത ഗൃഹാതുരത്വം നല്കുന്നുവെന്നും അമല പറഞ്ഞു.

”തിരിച്ചുവരവില്‍ തനിക്കൊപ്പമുള്ളത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നടിമാരിലൊരാളാണ്.
മഞ്ജുവാര്യര്‍ക്കൊപ്പമുള്ള അഭിനയമുഹൂര്‍ത്തങ്ങള്‍ക്കായി കാത്തിരിക്കുന്നു” അമല പറയുന്നു.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിലൊരാളായ അമലയ്‌ക്കൊപ്പം അഭിനയിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഈ അവസരം അവിസ്മരണീയമാണെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.

കിസ്മത്തിലെ നായകനും നടന്‍ അബിയുടെ മകനുമായ ഷെയ്ന്‍ നിഗമാണ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. കേരളത്തിന്റെ വേദനയായ ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്.

ഷാനിന്റെ തിരക്കഥയ്ക്ക് ബിബിന്‍ ചന്ദ്രനാണ് സംഭാഷണമൊരുക്കുന്നത്. ഇറോസ് ഇന്റര്‍നാഷണലും മാക്‌ട്രോഫിലിംസും ചേര്‍ന്നാണ് നിര്‍മാണം.

Top