മഞ്ചേശ്വരം മണ്ഡലത്തിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ക്രമക്കേട്; കൂടുതല്‍ തെളിവുകളുമായി കെ.സുരേന്ദ്രന്‍

surendran

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടിങ്ങില്‍ ക്രമക്കേട് നടന്നെന്നാരോപിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ കൂടുതല്‍ തെളിവുകള്‍.

മരിച്ചവരുടെ പേരില്‍ പോലും വോട്ട് രേഖപ്പെടുത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളുമായാണ് കെ.സുരേന്ദ്രന്‍ കോടതിയിലെത്തിയത്.

വോട്ടു രേഖപ്പെടുത്തിയതില്‍ ക്രമക്കേടു നടന്നതായി റിട്ടേണിങ് ഓഫീസര്‍ പി.എച്ച് സിനാജുദ്ദീന്‍ ഹൈക്കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു.

മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാമര്‍ സ്വദേശി യു.എ മുഹമ്മദ് 2015 ല്‍ മരണപ്പെട്ടിരുന്നു. എന്നാല്‍ 2016 മേയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുഹമ്മദ് വോട്ടു ചെയ്തതായാണ് സിനാജുദ്ദീന്‍ മൊഴി നല്‍കിയിരിക്കുന്നത്.

സുരേന്ദ്രന്റെ ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന് കോടതിയില്‍ ബോധ്യപ്പെട്ടതോടെ മണ്ഡലത്തിലെ വോട്ടര്‍മാരെ വിളിച്ച് വിശദീകരണം തേടുകയും തുടര്‍ന്ന് പത്തു പേര്‍ക്ക് സമന്‍സയക്കുകയും ചെയ്തു.

രണ്ടു പേര്‍ കോടതിയില്‍ ഹാജരാവുകയും വോട്ട് ചെയ്തിട്ടില്ല എന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഭീഷണി മൂലം മറ്റ് നാലു പേര്‍ക്ക് സമന്‍സ് എത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിക്കുകയും പിന്നീട് ഇവര്‍ക്ക് സമന്‍സ് എത്തിക്കാന്‍ പൊലീസ് സഹായം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

259 പേരുടെ പേരില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്ന ആരോപണം തെളിയിക്കപ്പെട്ടാല്‍ മുസ്ലീം ലീഗ് അംഗം അബ്ദുള്‍ റസാഖിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കാന്‍ സാധ്യതയുണ്ട്.

89 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

Top