ഐ ലീഗിന് മഞ്ഞപ്പടയുടെ പിന്തുണ; സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരെ ഒരുമിച്ച് പോരാടും

Kerala Blasters

‘സേവ് ഐ ലീഗ്, സേവ് ഇന്ത്യന്‍ ഫുട്‌ബോള്‍’ എന്ന ആവശ്യവുമായി ഐ ലീഗ് ക്ലബ്ബുകള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഐ ലീഗിന്റെ ലൈവ് ടെലികാസ്റ്റ് ചെയ്യുന്ന മത്സരങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ എടുത്ത തീരുമാനത്തിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ഇതിനെതിരെ രംഗത്തു വന്ന മഞ്ഞപ്പട ഫുട്‌ബോള്‍ ആരാധകര്‍ എന്ന നിലയ്ക്ക് ഐ ലീഗ് മത്സരങ്ങള്‍ പ്രക്ഷേപണം ചെയ്യില്ലെന്ന തീരുമാനം മാറ്റണം എന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ഒഫീഷ്യല്‍ ഫുട്‌ബോള്‍ ലീഗായ ഐ ലീഗ് ഫുട്‌ബോള്‍ ലോകത്ത് മുന്നേറി വരുന്നതിനിടയിലാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഈ നടപടി. ഇതിന് മുന്‍പ് ഐഎസ്എല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനേക്കാളും കുറഞ്ഞ ക്ലാരിറ്റിയിലാണ് ഐലീഗ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ടെലികാസ്റ്റ് ചെയ്യുന്നത് എന്ന ആരോപണവും ഉയര്‍ന്നു വന്നിരുന്നു.

ഏതായാലും ഐലീഗിന്റെ പോരാട്ടത്തിന് പിന്തുണയുമായെത്തിയ മഞ്ഞപ്പടയ്ക്ക് ഫുട്‌ബോള്‍ ആരാധകരുടെ നിറഞ്ഞ കയ്യടിയാണ് കിട്ടിയിരിക്കുന്നത്.

Top