മഞ്ഞപ്പടയുടെ വ്യാജ പ്രചരണം; വിനീതിന്റെ പരാതിയില്‍ നടപടിക്കൊരുങ്ങി പൊലീസ്

കൊച്ചി: മഞ്ഞപ്പടയ്‌ക്കെതിരെ സി കെ വിനീത് നല്‍കിയ പരാതിയില്‍ നടപടിക്കൊരുങ്ങി പൊലീസ്. കേസുമായ് ബന്ധപ്പെട്ട് മഞ്ഞപ്പട ഭാരവാഹികളായ രണ്ടുപേരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട വ്യാജ പ്രചരണം നടത്തിയെന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്‌സ് മുന്‍ താരമായ വിനീത് പരാതി നല്‍കിയത്. കൊച്ചിയിയില്‍ നടന്ന ചെന്നൈയിന്‍ എഫ് സി- കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിനിടെ വിനീത് ഏഴ് വയസുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് മഞ്ഞപ്പടയുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ പ്രചരിച്ചത്.

മഞ്ഞപ്പടയുടെ എറണാകുളം മേഖലാ പ്രസിഡന്റ്, സന്ദേശം പ്രചരിപ്പിച്ചയാള്‍ എന്നിവരില്‍ നിന്നാണ് പൊലീസ് ആദ്യം മൊഴി രേഖപ്പെടുത്തുക. ഇരുവരോടും നേരിട്ട് ഹാജരാകാന്‍ നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. വിഐപി ഗാലറിയില്‍ കളികണ്ടവരാണ് വിനീത് ബോള്‍ബോയിയോട് മോശമായി പെരുമാറി എന്ന് പറഞ്ഞതെന്നാണ് മഞ്ഞപ്പട ഭാരവാഹികള്‍ പറയുന്നത്.

Top