മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തി

തൃശൂര്‍: മഞ്ചിക്കണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തി.മണിവാസകത്തിയും കാര്‍ത്തിയുടെയും ബന്ധുക്കള്‍ ഇന്ന് രാവിലെയോടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തി.നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം ഉച്ചയോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

ഇന്ന് രാവിലെയോടെയാണ് മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും ബന്ധുക്കള്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനെത്തിയത്. മണിവാസകത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ സഹോദരി ലക്ഷ്മിയും ബന്ധുക്കളും കാര്‍ത്തിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ അമ്മ മീനയും സഹോദരി വാസന്തിയുമാണ് എത്തിയത്. മണിവാസകത്തിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കും.

കാര്‍ത്തിയുടെ മൃതദേഹം തൃശൂരില്‍ തന്നെ സംസ്‌കരിക്കുമെന്നാണ് ബന്ധുക്കള്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ തൃശൂരില്‍ അടക്കം ചെയ്യാന്‍ പൊലീസ് അനുമതി നല്‍കിയിട്ടില്ല.സംസ്ഥാനാതിര്‍ത്തിയില്‍ വെച്ച് കാര്‍ത്തിയുടെ മൃതദേഹം കൈമാറാമെന്നാണ് പൊലീസ് ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതി മൃതദേഹം സംസ്‌കരിക്കാന്‍ ഇന്നലെയാണ് അനുമതി നല്‍കിയത്.

Top